കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ
Sunday, July 6, 2025 1:43 AM IST
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്കിൻ ബാങ്ക് സജ്ജമായി.
അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15ന് നടക്കും
6.75 കോടി രൂപ ചെലവഴിച്ചാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമ്മം സൂക്ഷിക്കുന്ന ഇടമാണ് സ്കിൻ ബാങ്ക്.
അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേൽക്കുന്നവർക്ക് അവരുടെ സ്വന്തം ചർമം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നു.
ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തിൽ സുഖം പ്രാപിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
മെഡിക്കൽ കോളജുകളിലെ ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേൺസ് ഐസിയുവിലൂടെ നൽകുന്നത്.