ചാവറയച്ചൻ നവോത്ഥാന നായകരിൽ പ്രഥമഗണനീയൻ: ഗോവ ഗവർണർ
Sunday, July 6, 2025 1:43 AM IST
വാഴക്കുളം: കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രഥമ ഗണനീയനാണ് ചാവറയച്ചനെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള.
മൂവാറ്റുപുഴ കാർമൽ പ്രോവിൻസിനു കീഴിലുള്ള അധ്യാപക, അനധ്യാപക സംഗമം ‘കൊയ്നോനിയ 2025’ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.
ചാവറയച്ചൻ വ്യത്യസ്തങ്ങളായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിച്ചു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന സങ്കല്പവും, സംസ്കൃതം പഠിപ്പിക്കുന്ന സ്കൂളുമെല്ലാം അദ്ദേഹം നടപ്പാക്കിയ വിപ്ലവാത്മകമായ വിദ്യാഭ്യാസപദ്ധതികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാവറയച്ചന്റെ ശക്തമായ നിലപാടിലൂടെയാണ് സാധാരണക്കാർക്കും വിദ്യാഭ്യാസം കരഗതമായതെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.
സ്കൂൾ യൂണിഫോം ആദ്യമായി അവതരിപ്പിച്ചതിലൂടെ കുട്ടികൾക്കിടയിൽ സമഭാവന വളർത്തുകയായിരുന്നു ചാവറയച്ചന്റെ ലക്ഷ്യം. ചരിത്രത്തിൽ അദ്ദേഹത്തെ വേണ്ടവിധത്തിൽ അടയാളപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടുവെന്നും മേജർ ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. സിഎംഐ സഭാ വികാർ ജനറൽ റവ. ഡോ. ജോസി താമരശേരി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
സിഎംഐ വിദ്യാഭ്യാസ പൈതൃകം സംബന്ധിച്ച് റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി പഠന ക്ലാസ്സ് നടത്തി. മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷൽ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ, സിഎംഐ, ജനറൽ വിദ്യാഭ്യാസ കൗൺസിലർ റവ. ഡോ.മാർട്ടിൻ മള്ളാത്ത്, ഡീൻ കുര്യാക്കോസ് എംപി, വിദ്യാഭ്യാസ കൗൺസിലർ ഫാ.ബിജു വെട്ടുകല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു.
സിഎംഐ സഭ സ്ഥാപിച്ചതിന്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് ദശവൽസര കർമപദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസവർഷമായാണ് ഈ വർഷം ആചരിക്കുന്നത്.
ഇതോടനുബന്ധിച്ച് മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് സംഘടിപ്പിച്ച ആദ്യ പരിപാടിയാണ് വാഴക്കുളം കാർമൽ സ്കൂളിൽ നടത്തിയത്. പ്രൊവിൻസിനു കീഴിലുള്ള സ്ഥാപനങ്ങളിലെ ആയിരത്തോളം അധ്യാപക - അനധ്യാപകരുടെ സംഗമമാണ് നടന്നത്.