പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വയോധികയ്ക്കു ഗുരുതരപരിക്ക്; മകൻ കസ്റ്റഡിയിൽ
Sunday, July 6, 2025 1:43 AM IST
ഒറ്റപ്പാലം: പന്നിക്കുവച്ചതായി കരുതുന്ന വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റു വയോധികയ്ക്കു ഗുരുതരമായ പരിക്കേറ്റു.
വാണിയംകുളം പനയൂരിലാണ് സംഭവം. പനയൂർ ആറമ്പറ്റ വീട്ടിൽ മാലതി(76)ക്കാണു പരിക്കേറ്റത്. വൈദ്യുതികെണി വച്ചത് ഇവരുടെ മകൻ പ്രേംകുമാർ ആണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. പന്നിക്കുവച്ച വൈദ്യുതിക്കെണിയിൽനിന്നു മാലതിക്ക് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഇവരുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.
രാവിലെ പരിസരവാസിയായ യുവതി സൊസൈറ്റിയിൽ പാൽ കൊടുക്കാനായി പോകുമ്പോഴാണ് അപകടം ശ്രദ്ധയിൽപെട്ടത്. ഉടനെതന്നെ പരിസരവാസികളെ വിവരമറിയിച്ച് കെണിയിൽനിന്നു വൈദ്യുതിബന്ധം വിച്ഛേദിച്ചു. തുടർന്നു മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൊർണൂർ പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രേംകുമാറിനെ ചോദ്യംചെയ്തുവരികയാണ്.