സ്വകാര്യബസ് സമരം 22 മുതൽ; എട്ടിനു സൂചനാപണിമുടക്ക്
Sunday, July 6, 2025 1:43 AM IST
തൃശൂർ/പാലക്കാട്: ഗതാഗതവകുപ്പിന്റെ അശാസ്ത്രീയ ഗതാഗതനയത്തിൽ പ്രതിഷേധിച്ച് 22 മുതൽ അനിശ്ചിതകാലത്തേക്കു സംസ്ഥാനത്തെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ബസുടമാ സംഘടനകളുടെ കൂട്ടായ്മയായ ബസുടമസ്ഥ സംയുക്തസമിതി ചെയർമാൻ എം.എസ്. പ്രേംകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുന്നോടിയായി എട്ടിനു സൂചനാപണിമുടക്ക് നടത്തും. അടിയന്തര ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയിട്ടും വിവിധ സമരങ്ങൾ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്കു പോകുന്നതെന്ന് നേതാക്കൾ അറിയിച്ചു.
മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കാടൻനിയമങ്ങളാണു സംസ്ഥാനസർക്കാർ അടിച്ചേൽപ്പിക്കുന്നത്. 14 വർഷംമുൻപാണ് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചത്. പതിനഞ്ചു വർഷംമുന്പ് സംസ്ഥാനത്ത് 34,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് അശാസ്ത്രീയ ഗതാഗതനയം കാരണം എണ്ണായിരത്തിൽ താഴെയായി ചുരുങ്ങി.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ബസ് തൊഴിലാളികൾക്കു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബസ് സർവീസ് നിർത്തിവയ്ക്കുന്നത്.