കീമിൽ തിരിച്ചടി; പരീക്ഷാഫലവും റാങ്ക് പട്ടികയും ഹൈക്കോടതി റദ്ദാക്കി
Thursday, July 10, 2025 6:22 AM IST
കൊച്ചി: കേരള എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് ഫലവും റാങ്ക് പട്ടികയും ഹൈക്കോടതി റദ്ദാക്കി.
വെയ്റ്റേജ് മാര്‍ക്ക് നിര്‍ണയത്തിന് പുതിയ ഫോര്‍മുലയുമായി പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് ജസ്റ്റീസ് ഡി.കെ. സിംഗ് റദ്ദാക്കിയത്. നേരത്തേ ഉണ്ടായിരുന്ന പ്രോസ്പെക്ടസ് പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കാനും കോടതി ഉത്തരവിട്ടു.
ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ വൈകുന്നേരംതന്നെ അപ്പീൽ നൽകി. അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണമെന്നാണ് ആവശ്യം. ഏകീകൃത മാനദണ്ഡത്തിനാണ് പുതിയ പരിഷ്കരണം കൊണ്ടുവന്നതെന്നും അപ്പീലില്‍ പറയുന്നു.
പുതിയ മാര്‍ക്ക് നിര്‍ണയ രീതിക്കെതിരേ സിബിഎസ്ഇയില് പ്ലസ്ടു പൂര്‍ത്തിയാക്കിയ കൊച്ചി സ്വദേശി ഹന ഫാത്തിമ അഹിനസ് അടക്കം ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കീം ഫലവും റാങ്ക് പട്ടികയും റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്.
നിലവിലെ റാങ്ക്ലിസ്റ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജികളും കോടതിയിലെത്തിയിരുന്നു. വൈകിയ വേളയില്‍ നടപ്പാക്കിയ പുതിയ ഫോര്‍മുല കാരണം റാങ്ക്ലിസ്റ്റില് അര്‍ഹതപ്പെട്ട സ്ഥാനം കിട്ടാതെ പിന്തള്ളപ്പെട്ടുപോയെന്നാണ് സിബിഎസ്ഇ/ ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ വാദിച്ചത്.
എന്‍ട്രന്‍സ് പരീക്ഷയുടെയും ക്ലാസ് പരീക്ഷയുടെയും മാര്‍ക്ക് അനുപാതം 50:50ല്‍ നിലനിര്‍ത്തുമ്പോള്‍ത്തന്നെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളുടെ മാര്‍ക്ക് അനുപാതം 5:3:2 ആക്കി മാറ്റിയിരുന്നു. മാത്രമല്ല, സിബിഎസ്ഇ അടക്കം ബോര്‍ഡുകളില്‍ ഇത്രയും കാലം പിന്തുടര്‍ന്ന ഉയര്‍ന്ന മാര്‍ക്ക് രീതി മാറ്റി സംസ്ഥാന സിലബസുകാരുടേതായി ഏകോപിപ്പിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി മറ്റു ബോര്‍ഡുകളില്‍നിന്ന് പരീക്ഷയെഴുതിയവരുടെ റാങ്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞു. ഹര്‍ജിക്കാരിയായ ഹന ഫാത്തിമയ്ക്ക് 4209-ാം റാങ്കാണു ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ മാര്‍ക്ക് ലഭിച്ച കുട്ടിക്ക് 1907-ാം റാങ്ക് ലഭിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.