വിജ്ഞാനാധിഷ്ഠിത വ്യവസായ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി
Sunday, August 31, 2025 1:54 AM IST
കൊച്ചി: വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുമെന്നും അതിനുള്ള പരിശ്രമത്തിലാണു സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അഭ്യസ്തവിദ്യരായ വിദ്യാര്‍ഥികള്‍ക്കു കേരളത്തില്‍ത്തന്നെ ജോലി സൃഷ്ടിക്കണമെന്നാണു സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിച്ച സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ ടി.എം. തോമസ് ഐസക് സമ്മിറ്റിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന ഗ്ലോബല്‍ സമ്മിറ്റില്‍ വ്യാവസായിക പ്രതിനിധികളും വിഷയ വിദഗ്ധരും വിദ്യാര്‍ഥികളുമടക്കം 3000ത്തോളം പ്രതിനിധികള്‍ പങ്കെടുത്തു.
സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പുതുതായി 1,28,408 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.445 തൊഴിലുടമകള്‍ ചേര്‍ന്നാണു വിദ്യാര്‍ഥികള്‍ക്കായി തൊഴിലവസരങ്ങള്‍ തുറന്നുനല്‍കിയത്. നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളെ കേരളത്തിലെ കാമ്പസുകളില്‍നിന്ന് നിയമിക്കും.
കരിയര്‍ ബ്രേക്ക് വന്ന 10,000 വനിതകള്‍ക്ക് തിരികെ തൊഴില്‍രംഗത്തേക്ക് മടങ്ങിവരാനുള്ള പരിശീലനം നല്കാന് വിമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു.