വാഹനനികുതി; ലോക്കല്‍ വര്‍ക്ക്ഷോപ്പുകാര്‍ക്ക് പണിയാന്‍ വണ്ടിയില്ല
Sunday, August 31, 2025 1:54 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: പുതിയ കേന്ദ്ര വാഹന നിയമപ്രകാരം പഴയ വാഹനങ്ങള്‍ക്കു വര്‍ധിപ്പിച്ച റീ രജിസ്ട്രേഷന് ഫീസ് പ്രാബല്യത്തില്‍ വന്നതോടെ ചെറുകിട വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്യുന്ന ഓട്ടോ മൊബൈല്‍ തൊഴിലാളികള്‍ തൊഴില്‍ നഷ്ടത്തില്‍.
വര്‍ധിപ്പിച്ച 50 ശതമാനം നികുതിയും പലമടങ്ങ് വര്‍ധിപ്പിച്ച ടെസ്റ്റിംഗ് ഫീസുകളും വലിയ ബാധ്യതയാണ് വാഹന ഉമടകള്ക്കുണ്ടാക്കുന്നത്. ഇതോടെ പലരും വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ചെറുകിട വര്‍ക്ക്ഷോപ്പുകളില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണവും കുത്തനെ കുറഞ്ഞു. വര്‍ധിപ്പിച്ച നികുതിയും ടെസ്റ്റിംഗ് ഫീസും അറ്റുകുറ്റപ്പണിയും പരിഗണിക്കുമ്പോള്‍ വാഹനത്തിന്റെ വിലയേക്കാള്‍ വരും. ഈ സാഹചര്യത്തില്‍ പഴയ വാഹനങ്ങളില്‍ നന്നാക്കുന്ന ചെറുകിട വർക്ഷോപ്പുകള് അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്.
പുതിയ വാഹനങ്ങള്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ വാറന്റി നല്‍കിയാണ് റോഡിലിറക്കുന്നത്. ഇക്കാലയളവില്‍ വാഹനങ്ങള്‍ നിര്‍മാണ കമ്പനികളുടെ സര്‍വീസ് സ്റ്റേഷനുകളില്‍ മാത്രമേ സര്‍വീസ് ചെയ്യാറുള്ളൂ. കേന്ദ്രത്തിന്റെ പുതിയ വാഹനനിയമം വന്‍ കോര്‍പറേറ്റുകളുടെ പുതുനിര വാഹനങ്ങള്‍ വിറ്റഴിക്കല്‍ ഉന്നം വച്ചാണെന്ന് ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ പറയുന്നു.
ഓഗസ്റ്റ് മുതലാണ് പരിഷ്കരിച്ച നികുതി പ്രാബല്യത്തിലായത്. 20 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയില്‍നിന്നും നിരക്ക് 2000 രൂപയാക്കി. നാലുചക്ര വാഹനങ്ങള്‍ക്ക് 800 രൂപയില്‍നിന്നും 10,000 രൂപയും. ഓട്ടോറിക്ഷകള്‍ക്ക് 800 രൂപയ്ക്കു പകരം 5000 രൂപ.
കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാരും പഴയ വാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കിയിരുന്നു. ഇതോടെ ഓട്ടോറിക്ഷ, മാരുതി 800, ആള്‍ട്ടോ രജിസ്ട്രേഷന് പുതുക്കുമ്പോള്‍ ഫീസും നികുതിയും ഉള്‍പ്പെടെ 20,000 രൂപ വരും.
ഈ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയും 400 രൂപയില്‍നിന്നും 600 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. സ്വകാര്യവാഹനങ്ങള്‍ 15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷം കൂടുമ്പോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും ടെസ്റ്റിംഗ് നടത്തണം.
ഇതിന്റെ ഫീസ് സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.