സാങ്കേതികവിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകും: മന്ത്രി
Sunday, August 31, 2025 1:54 AM IST
തിരുവനന്തപുരം: മികച്ച സാങ്കേതികവിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലയ്ക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുള്ള ‘ഇ-സമൃദ്ധ’ എന്ന പേരിലുള്ള സമഗ്ര ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം അടൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി, സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ, അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ & ജൂനിയർ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർഷകർക്കുള്ള മൊബൈൽ അപ്ലിക്കേഷനും ഇ-സമൃദ്ധ വെബ്സൈറ്റും നാടിനു സമർപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം. സി. റെജിൽ പദ്ധതി വിശദീകരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിലെ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന രണ്ട് ക്ഷീരകർഷകരെയും ആദരിച്ചു. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് ‘ഇ- സമൃദ്ധ’ പദ്ധതി നടപ്പിലാക്കുന്നത്. 130 മൃഗചികിത്സാ സ്ഥാപനങ്ങളിലാണ് പദ്ധതി പ്രവർത്തന സജ്ജമായിട്ടുള്ളത്.
പദ്ധതി പ്രവർത്തനസജ്ജമാകുന്നതോടെ മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്ക് ചികിത്സാ സേവനങ്ങൾ ബുക്ക് ചെയ്യാനും, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും മറ്റു സേവനങ്ങളെല്ലാം വിരൽ തുമ്പിൽ ലഭ്യമാക്കാനും സാധിക്കും.