യൂത്ത് കോണ്ഗ്രസ് വ്യാജ ഐഡി കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായില്ല
Sunday, August 31, 2025 1:54 AM IST
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല.
ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നോട്ടീസ് നൽകിയത്. ഹാജരാകാത്തതിനെത്തുടർന്ന് രാഹുലിന് വീണ്ടും നോട്ടീസ് നൽകും. അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് നോട്ടീസ് നൽകുക.
കഴിഞ്ഞ തവണ തപാൽ വഴിയായിരുന്നു നോട്ടീസ് നൽകിയത്. ഇതു ലഭിച്ചില്ലെന്നായിരുന്നു രാഹുലിന്റെ വാദം. തുടർന്നാണ് നേരിട്ടു നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന സ്ത്രീപീഡന ആരോപണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.