കൂത്താട്ടുകുളം പിടിച്ച് യുഡിഎഫ്
Saturday, August 30, 2025 2:53 AM IST
കൂത്താട്ടുകുളം: നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇന്നലെ നടന്ന ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലൂടെയാണ് യുഡിഎഫ് നഗരസഭയുടെ ഭരണം പിടിച്ചെടുത്തത്. സിപിഎം കൗൺസിലറായിരുന്ന കലാ രാജുവിന്റെയും സ്വതന്ത്ര കൗൺസിലർ പി.ജി. സുനിൽകുമാറിന്റെയും പിന്തുണയോടെയാണ് യുഡിഎഫിനു ഭരണം ലഭിച്ചത്.
രഹസ്യബാലറ്റിലൂടെ നടത്തിയ തെരഞ്ഞെടുപ്പിൽ കലാ രാജു ചെയർപേഴ്സൺ സ്ഥാനത്തേക്കും പി.ജി. സുനിൽകുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ ഓഫീസർ പി.എച്ച്. ഷൈൻ വരണാധികാരിയായിരുന്നു. യുഡിഎഫ് മുൻ ധാരണപ്രകാരമാണ് കലാ രാജു ചെയർപേഴ്സൺ സ്ഥാനത്തേക്കും പി.ജി. സുനിൽകുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിച്ചത്.
തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽനിന്നും കോൺഗ്രസ് ഭവനിലേക്ക് ആഹ്ലാദപ്രകടനം നടത്തി. എംഎൽഎമാരായ അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി നിർവാഹക സമിതി അംഗം ജയ്സൺ ജോസഫ്, കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോൺ, പാലക്കുഴ മണ്ഡലം പ്രസിഡന്റ് സാജു വർഗീസ്, ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് കെ.ജി. ഷിബു, സിജുമോൻ പുല്ലമ്പ്രയിൽ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ അഞ്ചിനു നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ യുഡിഎഫിനൊപ്പം നിന്ന് സിപിഎം കൗൺസിലർ കലാ രാജുവും സ്വതന്ത്ര കൗൺസിലർ പി.ജി. സുനിൽകുമാറും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. തുടർന്ന് നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പുറത്തായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിജി ഷാനവാസിന് ചെയർപേഴ്സണിന്റെ താത്കാലിക ചുമതല നൽകിയിരുന്നു.
യുഡിഎഫ് ധാരണപ്രകാരം ചെയർപേഴ്സൺ സ്ഥാനം യുഡിഎഫിലെ വനിതാ കൗൺസിലർമാരിൽ ഒരാൾക്കു നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കലാ രാജു ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തു വന്നത്. തുടർന്ന് ബുധനാഴ്ച വൈകുന്നേരം പിറവത്തു ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനമുണ്ടായത്.