വിവരാധിഷ്ഠിത നയരൂപീകരണം കാലത്തിന്റെ ആവശ്യം: ഡോ. സൗരഭ് ഗാർഗ്
Saturday, August 30, 2025 1:24 AM IST
നെടുമ്പാശേരി: സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയ പദ്ധതിരൂപീകരണം രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമെന്നു കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയം സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്.
കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയവും സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായി സമുദ്രമേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ സംബന്ധിച്ചു സംഘടിപ്പിച്ച ദേശീയ സെമിനാർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികൾ തയാറാക്കുന്നത് വിവിധ മേഖലകളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സമുദ്രമേഖലയിൽ നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്.
സാമ്പത്തിക പ്രവർത്തനങ്ങൾ പരിസ്ഥിതി സന്തുലനംകൂടി പരിഗണിച്ചുകൊണ്ടാകണം. അതിനാവശ്യമായ പദ്ധതികൾ തയാറാക്കുന്നതിന് സമുദ്രമേഖലയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനു വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രമേഖലയിലെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഓഷൻ അക്കൗണ്ട് തയാറാക്കുന്നതിന്റെ ഭാഗമായാണു ദേശീയ ശില്പശാല സംഘടിപ്പിച്ചത്.