ബ്ലൂ ടൈഡ്സ് കേരള യൂറോപ്യൻ-യൂണിയൻ കോണ്‍ക്ലേവ് കോവളത്ത്
Saturday, August 30, 2025 2:13 AM IST
തിരുവനന്തപുരം: സമുദ്രാധിഷ്ഠിത സാന്പത്തികവളർച്ചയിലൂടെയുള്ള സുസ്ഥിര വികസനവും നീല സന്പദ്വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ബ്ലൂ ടൈഡ്സ് കേരള യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് 2025ന് കേരളം ആതിഥ്യം വഹിക്കും.
സംസ്ഥാന ഫിഷറീസ് വകുപ്പും യൂറോപ്യൻ യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനം സെപ്റ്റംബർ 18, 19 തീയതികളിൽ കോവളം ദി ലീല റാവിസിലാണ് നടക്കുന്നത്.
20 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ‘തീരങ്ങൾ, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
മത്സ്യബന്ധനം, മത്സ്യകൃഷി വികസനം, തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിപോഷിപ്പിക്കൽ, നിക്ഷേപ അവസരങ്ങൾ എന്നിവയ്ക്കായി ആഗോള വൈദഗ്ധ്യവും പ്രാദേശിക വികസനവും സംയോജിപ്പിക്കുന്ന പരിപാടിയാണ് കേരള യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് എന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
യൂറോപ്യൻ യൂണിയൻ അംബാസിഡർ ഹെർവ് ഡെൽഫിൻ സമ്മേളനത്തിൽ പങ്കെടുക്കും. 40ലധികം പ്രഭാഷകർ, 750ലധികം പ്രതിനിധികൾ, 15ലധികം എക്സിബിറ്റേഴ്സ് എന്നിവർ സമ്മേളനത്തിന്റെ ഭാഗമാകും.