എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണ ഹർജി തലശേരി കോടതിയിലേക്കു മാറ്റി
Saturday, August 30, 2025 2:13 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ ജില്ലാ സെഷൻസ് കോടതി വിധി പറയും. ഇന്നലെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി മുഹമ്മദലി ഷഹഷാദാണു കേസ് മേൽക്കോടതിക്കു വിട്ടത്.
ഹർജി സെഷൻസ് കോടതിയിലേക്കു മാറ്റണമെന്ന് പ്രതിചേർക്കപ്പെട്ട മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വന്റെ വാദം പരിഗണിച്ചാണു നടപടി.
ഇതുവരെ നടത്തിയ അന്വേഷണം പൂർണമല്ലെന്നും ദിവ്യയുടെ ഫോൺ കോളുകളുടെ രേഖകൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്നും പ്രതിക്കു രക്ഷപ്പെടാനുള്ള പഴുതുകളോടു കൂടിയ കുറ്റപത്രമാണ് പോലീസ് കോടതിയിൽ ഹാജരാക്കിയതെന്നുമായിരുന്നു മഞ്ജുഷ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
കുറ്റം തെളിയിക്കാൻ ആവശ്യമായ രേഖകൾ മറച്ചുവച്ചുവെന്നും നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാ ണ് കുറ്റപത്രം തയാറാക്കി സമർപ്പിച്ചതെന്ന ആരോപണവുമുണ്ടായിരുന്നു.
അതേസമയം, അന്വേഷണം നടത്തിയ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണെന്നായിരുന്നു പി.പി. ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.