ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് വീണ് തൊഴിലാളി മരിച്ചു
Saturday, August 30, 2025 1:24 AM IST
കളമശേരി: ഗ്ലാസ് വർക്ക് സ്ഥാപനത്തിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് ദേഹത്തു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
ആസാം സ്വദേശി അനിൽ പട്നായിക് (36) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെ സീപോർട്ട്-എയർപോർട്ട് റോഡിൽ പൂജാരി വളവിനു സമീപം ബിവറേജസ് കോർപറേഷനോടു ചേർന്നുള്ള ഗ്ലാസ് വേൾഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.
ചെന്നൈയിൽനിന്ന് എത്തിയ ലോഡ് ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ഗ്ലാസ് മറിഞ്ഞ് ദേഹത്തേക്കു വീണതോടെ അനിൽ ലോറിയുടെ സൈഡ് ബോഡിക്കും ഗ്ലാസിനും ഇടയിൽപ്പെടുകയായിരുന്നു.
തൃക്കാക്കര, ഏലൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി ഗ്ലാസുകൾ പൊട്ടിച്ചുമാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. ഉടൻ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.