മത്സ്യബന്ധനം: 58% ഇതരസംസ്ഥാന തൊഴിലാളികളെന്ന് സിഎംഎഫ്ആർഐ; അല്ലെന്ന് മത്സ്യത്തൊഴിലാളികൾ
Saturday, August 30, 2025 2:13 AM IST
കൊച്ചി: കേരളത്തിൽ സമുദ്ര മത്സ്യബന്ധന മേഖലയിൽ 58 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
മത്സ്യബന്ധനം, വിപണനം, സംസ്കരണം എന്നീ രംഗങ്ങളിൽ കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളെന്നാണ് സിഎംഎഫ്ആർഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തൽ.
അതേസമയം, ഊതിപ്പെരുപ്പിച്ച കണക്കാണു സിഎംഎഫ്ആർഐയുടേതെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി. കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ കുടിയേറ്റ തൊഴിലാളികൾ വർധിക്കുന്നുണ്ടെങ്കിലും ട്രോൾ ബോട്ടുകളിലും വിദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകളിലുമാണ് അവരേറെയുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി വ്യക്തമാക്കി.
ഇന്ത്യൻ സമുദ്രമത്സ്യബന്ധന മേഖലയിലെ തൊഴിൽ, ഉപജീവനമാർഗം, വിഭവ ഉത്പാദനരീതികൾ എന്നിവയുമായി ബന്ധപ്പെട്ട സിഎംഎഫ്ആർഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ സിഎംഎഫ്ആർഐയിൽ നടന്ന ശില്പശാലയിൽ അവതരിപ്പിച്ചു.
സിഎംഎഫ്ആർഐ പറയുന്നത്
കേരളത്തിലെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ പണിയെടുക്കുന്നത് കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ്. പ്രധാനമായും തമിഴ്നാട്, പശ്ചിമബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്.
എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് ഇതിലേറെയും. ഇവിടെ 78 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. സംസ്കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണനരംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളുണ്ട്.
തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20-30 ശതമാനം സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും ചെലവഴിക്കുമ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ വരുമാനത്തിന്റെ 75 ശതമാനം വരെ നാട്ടിലുള്ള കുടുംബങ്ങൾക്ക് അയയ്ക്കുന്നു. തദ്ദേശീയരേക്കാൾ കുറഞ്ഞ വരുമാനമാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കു ലഭിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ വാദം
ബോട്ടുകൾ അടുപ്പിക്കുന്ന ഹാർബറുകൾ കേന്ദ്രീകരിച്ചു നടത്തിയ പഠനമാണ് സിഎംഎഫ്ആർഐ നടത്തിയത്. ഇതു വസ്തുതാവിരുദ്ധമാണ്. യഥാർഥത്തിൽ കേരളത്തിലെ മത്സ്യബന്ധനമേഖലയിൽ പണിയെടുക്കുന്ന 20,000ത്തോളം യാനങ്ങളിൽ കേവലം 2800 ബോട്ടുകൾ മാത്രമാണ് ട്രോളിംഗ് നടത്തുന്നത്. അതിലെ തൊഴിലാളികൾ 90 ശതമാനവും കുളച്ചൽ മേഖലയിലുള്ളവരാണ്. മത്സ്യസംസ്കരണ മേഖലയിലും കുടിയേറ്റ തൊഴിലാളികൾക്കു പ്രാമുഖ്യമുണ്ട്.
കൊച്ചി കേന്ദ്രീകരിച്ചാണ് ആഴക്കടൽ ബോട്ടുകളും പ്രവർത്തിക്കുന്നത്. ഇവയുടെ എണ്ണം 400നുമേൽ വരില്ല. തുത്തൂർ മേഖലയിലെ മത്സ്യത്തൊഴിലാളികളാണിവർ. എന്നാൽ ഇപ്പോഴും കേരളത്തിലെ പരമ്പരാഗത - യന്ത്രവത്കൃത മേഖലയിൽ ഭൂരിപക്ഷവും നമ്മുടെ സംസ്ഥാനത്തെ തൊഴിലാളികൾതന്നെയാണ്. തെറ്റായ കണക്ക് നിരത്തുകയാണ് സിഎംഎഫ്ആർഐ ചെയ്യുന്നതെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആരോപിച്ചു.