നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരേ കേസ്
Saturday, August 30, 2025 2:13 AM IST
തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരേ പോലീസ് കേസെടുത്തു.
ചികിത്സാപ്പിഴവുണ്ടായെന്ന കാട്ടാക്കട സ്വദേശിനി സുമയ്യയുടെ പരാതിയിൽ കന്റോണ്മെന്റ് പോലീസാണു കേസെടുത്തത്. ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിനെതിരേ യുവതി മൊഴി നൽകിയിരുന്നു.
സംഭവം വിവാദമായ സാഹചര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഇതേ ത്തുടർന്നാണ് കേസടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയത്. ഡോക്ടർക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
ഗുരുതരമായ ആരോപണമാണു സുമയ്യ ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയെന്നും ഇക്കാര്യം പറഞ്ഞപ്പോൾ അത് അവിടെയിരുന്നാൽ പ്രശ്നമില്ലെന്നുമായിരുന്നു ഡോക്ടറുടെ മറുപയെന്നും സുമയ്യ പറഞ്ഞിരുന്നു.
ശസ്ത്രക്രിയയ്ക്കു മുന്പായി ഡോക്ടർക്കു പണം നൽകിയെന്നുള്ള ഗുരുതര ആരോപണവും സുമയ്യ ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയ വേഗത്തിലാക്കാൻ 4000 രൂപയാണു നൽകിയത്. ഇതിനുശേഷം ഓരോ തവണ ഡോക്ടറെ കാണുന്പോഴും 500 രൂപവീതം നൽകിയിരുന്നുവെന്നും സുമയ്യ ആരോപിച്ചിരുന്നു.
മന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നൽകി
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോഗ്യമന്ത്രിക്കു കത്ത് നൽകി.
ചികിത്സാപിഴവിനെത്തുടർന്ന് ദുരിതത്തിലായ കാട്ടക്കട മലയിൻകീഴ് സ്വദേശിനി സുമയ്യ പ്രതിപക്ഷനേതാവിന് ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു.