സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് 2021, 2022: സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
Saturday, August 30, 2025 1:24 AM IST
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് 2021, 2022ന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. 2021ലെ വിഷയം നവകേരളവും 2022ലേതു ഡിജിറ്റൽ ജീവിതവുമാണ്.
കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം. ഒപ്പം സാക്ഷ്യപത്രവും ശില്പവും നൽകും. പ്രോത്സാഹന സമ്മാനമായി പത്തുപേർക്ക് 2,500 രൂപ വീതം നൽകും. സാക്ഷ്യപത്രവും ലഭിക്കും.
മത്സരാർഥികൾക്ക് ഒരു വിഭാഗത്തിൽ മൂന്ന് എൻട്രികൾ വരെ ഓൺലൈനായി സമർപ്പിക്കാം. ഫോട്ടോകളിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവിദഗ്ധ എഡിറ്റിംഗ് അനുവദനീയമല്ല. കൃത്രിമമായി നിർമിച്ച ഫോട്ടോകൾ എൻട്രിയായി സ്വീകരിക്കില്ല. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ തലക്കെട്ടും ഫോട്ടോ എടുത്ത സ്ഥലവും സാഹചര്യവും നൽകണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.prd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.