ജിഎസ്ടി റെയ്ഡ് ഓണക്കാല വ്യാപാരം തടസപ്പെടുത്താനെന്ന് എകെജിഎസ്എംഎ
Saturday, August 30, 2025 2:13 AM IST
കൊച്ചി: സ്വര്‍ണവ്യാപാര മേഖലയിലെ ജിഎസ്ടി റെയ്ഡ് അനവസരത്തിലുള്ളതും ഓണക്കാല വ്യാപാരം തടസപ്പെടുത്താനുമാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസര്‍ എന്നിവര്‍ ആരോപിച്ചു.
കഴിഞ്ഞയാഴ്ച പുതുതായി ആരംഭിച്ച സ്വര്ണവ്യാപാരശാലയില് പോലും റെയ്ഡ് നടത്തി അപമാനിച്ചു. പരിശോധിച്ച സ്ഥാപനങ്ങളില്‍നിന്നു നാമമാത്രമായ അധികതൂക്കം സ്വര്‍ണം മാത്രമാണു കണ്ടെത്തിയത്. അതിനെ പര്‍വതീകരിച്ച് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്നത് കാടടച്ചു വെടിവയ്ക്കലാണെന്നും സ്വര്‍ണവ്യാപാര മേഖലയെ അടച്ചാക്ഷേപിക്കുന്നതിനു തുല്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ കൃത്യമായ കണക്ക് സഹിതം വെളിപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സ്വര്ണവിലവര്ധന മൂലം വ്യാപാരത്തോത് കുറഞ്ഞ സാഹചര്യത്തില്‍ നിലവിലെ വ്യാപാരംകൂടി നഷ്ടപ്പെടുത്തുന്ന സമീപനം സ്വീകരിക്കരുതെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്വര്‍ണവ്യാപാര മേഖലയില്‍നിന്നുള്ള വാര്‍ഷിക വിറ്റുവരവും നികുതിവരുമാനവും വെളിപ്പെടുത്തണമെന്നും അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.