പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനാകണം: കുഴല്നാടന്
Friday, August 29, 2025 1:14 AM IST
തിരുവനന്തപുരം: പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം ജനങ്ങള്‍ക്കു നല്‍കണമെന്നു മാത്യു കുഴല്നാടന് എംഎല്‍എ.
സര്‍ക്കാരിന്റെ കരട് ഭൂപതിവ് നിയമ ഭേദഗതി ഇടുക്കിയിലെ ജനങ്ങളുടെ കഴുത്തില്‍ കുരുക്ക് വീണ്ടും മുറുക്കുന്ന നടപടിയാണെന്നും ലഭിക്കാന്‍ പോകുന്ന പട്ടയഭൂമിയില്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണമായും നിയമപരമായി നിരോധിക്കുന്ന നിയമ ഭേദഗതിയാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മാത്യു കുഴല്നാടന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇടുക്കി ജില്ലയിലെ ഉള്‍പ്പെടെയുള്ള ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്ന നടപടിയാണിത്. തെറ്റായ പ്രചരണം നടത്തി മലയോര ജനതയെ വീണ്ടും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. പട്ടയഭൂമിയുടെ സ്വതന്ത്ര വിനിയോഗമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
2024 ജൂണ്‍ വരെയുള്ള ചട്ടലംഘന നിര്‍മാണങ്ങള്‍ ഫീസ് ഈടാക്കി ക്രമവത്കരിച്ച് നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ പട്ടയഭൂമിയിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
മുന്‍പ് പി.ജെ. ജോസഫും താനും ഇതുസംബന്ധിച്ച ഭേദഗതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്‍ക്ക് നല്‍കണമെന്നാണ് അന്ന് സര്‍ക്കാരിനു മുന്നില്‍ വച്ച നിര്‍ദേശം.
2024 ജൂണ്‍ വരെയെന്ന് പരിമിതപ്പെടുത്താതെ, മുന്നോട്ടും മറ്റൊരു തടസം ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നു ഞങ്ങള്‍ വാദിച്ചു. അന്ന് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് അത് തടസപ്പെടരുതെന്ന നിലപാടിന്റെ പേരില്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പട്ടയഭൂമി ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് പുതിയ ഭേദഗതി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പട്ടയഭൂമിയുമായി ബന്ധപ്പെട്ട് ഇത്രയും സങ്കീര്‍ണതകള്‍ സൃഷ്ടിച്ചത്. 2024 ജൂണ്‍ വരെയുള്ള ചട്ടലംഘനങ്ങള്‍ ക്രമവത്കരിക്കാന്‍ കഴിഞ്ഞാലും അത് ഫലത്തില്‍ ഗുണം ചെയ്യില്ല.
1500 സ്ക്വയര്‍ ഫീറ്റിനു മുകളിലുള്ള കെട്ടിടങ്ങള്‍ വീണ്ടും നികുതി ഈടാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒരുതവണ കെട്ടിടനികുതി ഇനത്തില്‍ തുക ഈടാക്കിയ ശേഷം വീണ്ടും ഫീസ് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടുക്കിയിലെയും മലയോര പ്രദേശത്തെയും ജനങ്ങളെ പിഴിയുകയാണെന്നും കുഴല്നാടന് കുറ്റപ്പെടുത്തി.
“സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനികുതി”
തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കുന്നത് ഒരു അടിസ്ഥാനവുമില്ലാത്ത ഇരട്ട നികുതിയാണെന്നു മാത്യു കുഴല്നാടന് എംഎല്‍എ. നികുതി നിയമങ്ങളുടെ നഗ്നമായ ലംഘനവും നിയമവിരുദ്ധമാണിത്. കനത്ത ഫീസ് ഈടാക്കി സര്‍ക്കാരിനു വരുമാനം കൂട്ടാനുള്ള നടപടി കോണ്‍ഗ്രസും യുഡിഎഫും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ സര്‍ക്കാരിന്റെ കരട് ഭൂപതിവ് ചട്ടഭേദഗതി സാധാരണക്കാരന്റെ അവകാശം ഹനിക്കുന്നതാണ്. ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ഈ ഭേദഗതിയിലൂടെ ജനങ്ങളെ വഞ്ചിച്ചുവെന്നും മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടി.