തുരങ്കപാത നിർമാണം 31ന് ആരംഭിക്കും: മുഖ്യമന്ത്രി
Thursday, August 28, 2025 3:05 AM IST
തിരുവനന്തപുര: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണപ്രവൃത്തികൾ 31ന് ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തുരങ്കപാതയ്ക്കായി പാരിസ്ഥിതിക അനുമതി ലഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134.5 കോടി രൂപയാണ്.
8.73 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണു വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കണ്‍ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണു പാതയുടെ നിർവഹണ ഏജൻസി. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുരങ്കപാതയുടെ നിർമാണം രണ്ടു പാക്കേജുകളിലായാണു പൂർത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമാണം രണ്ടാമത്തെ പാക്കേജിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലുവരി ഗതാഗതമാണു പദ്ധതിയിലുള്ളത്.
ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.