കസവില്‍ മിന്നി പൊന്നോണം; നെയ്ത്തുഗ്രാമങ്ങളില്‍ തിരക്കോടു തിരക്ക്
Thursday, August 28, 2025 1:16 AM IST
ജിബിന്‍ കുര്യന്
കോട്ടയം: പൊന്നോണക്കാലത്ത് കേരളം കസവണിയുന്നു. കസവുസാരിയും കസവില്‍ അലങ്കരിച്ച ബ്ലൗസും, കസവു പാവാടയും ബ്ലൗസും. തുണക്കടകളില് മാത്രമല്ല വഴിയോരങ്ങളിലും കസവുടയാടകളുടെ വ്യാപാരം തകൃതിയാണ്. കസവ് അലങ്കാരമുള്ള മുണ്ടുകളും ഷര്‍ട്ടുകളും കുര്‍ത്തയുമാണ് ആണ്‍വേഷം.
കസവുസാരിയും സെറ്റുസാരിയും ദാവണിയുമൊക്കെയായിട്ടാണ് സ്ത്രീകള്‍ ഓണത്തെ കളര്‍ഫുള്ളാക്കുന്നത്. ഓണത്തിളക്കമായ ഈ വേഷങ്ങള്‍ കേരളത്തിന്റെ വസ്ത്രഗാമങ്ങളായ ബാലരാമപുരം, കുത്താമ്പുള്ളി എന്നിവിടങ്ങളില്‍നിന്നൊക്കെയാണ് എത്തുന്നത്. ഓരോ ഓണക്കാലത്തും ഈ രണ്ടു നെയ്ത്തുഗ്രാമങ്ങളിലെയും നിരവധി തൊഴിലാളികളുടെ ജീവിതത്തിനുകൂടിയാണ് മലയാളികള്‍ നിറംപകരുന്നത്.
ലക്ഷക്കണക്കിനു രൂപയുടെ കൈത്തറി വസ്ത്രങ്ങളാണ് ഓണവിപണിയില്‍ വിറ്റഴിയുന്നത്. കഴിഞ്ഞ വർഷം 100 കോടിയുടെ കച്ചവടമാണ് ഓണത്തിനു മാത്രം ലഭിച്ചത്. ഇക്കുറി വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് നെയ്ത്തുഗ്രാമങ്ങള്‍. മറ്റു സംസ്ഥാനത്തേക്കും വിദേശരാജ്യങ്ങളിലേക്കും ഇവിടെനിന്നും കയറ്റുമതി ഓര്‍ഡറുമുണ്ട്.
ഭാഗികമായി കളര്‍ മുക്കിയ ഡൈ ആന്‍ഡ് ഡൈ ഇനങ്ങളും അജ്റക് അരികു ചാര്‍ത്തിയ ഇനങ്ങളുമാണ് ഇത്തവണത്തെ ഓണ ട്രെന്‍ഡ്. ഇവയിലെ ദാവണി, സെറ്റ് സാരി, ചുരിദാര്‍ മെറ്റീരിയല്‍, വേഷ്ടി എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. അജ്റക്കിന്റെ ഷര്‍ട്ടും കസവു കരയ്ക്കൊപ്പം അജ്റക് പിടിപ്പിച്ച മുണ്ടുമാണു പുരുഷന്മാര്ക്ക് പ്രിയം.
കുത്താമ്പുള്ളി, എരവത്തൊടി, തിരുവില്വാമല എന്നിവിടങ്ങളിലെ നെയ്ത്തു സഹകരണ സംഘങ്ങളില്‍ തുണിത്തരങ്ങള്‍ സര്‍ക്കാര്‍ റിബേറ്റോടെ ലഭ്യമാകും. കുത്താമ്പുള്ളിയിലെ സാരികളും മുണ്ടുകളും പ്രധാനമായും അപെക്സ് സഹകരണ സംഘമായ ഹാന്ടെക്സിനാണു കൈമാറുന്നത്.
ഏതാനും വര്‍ഷങ്ങളായി കുത്താമ്പുള്ളിയിലെ വസ്ത്ര വിപണിയും ന്യൂ ജെനായി. നേരത്തേ നെയ്ത്തുകാരായിരുന്നവരുടെ കുടുംബാംഗങ്ങള്‍തന്നെയാണ് വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിച്ചത്.
സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയിലൂടെ കുത്താമ്പുള്ളി ഇപ്പോള്‍ വലിയ വിപണിയായി മാറി. ഓണ്‍ലൈന്‍ വിപണി കൊഴുത്തു. കേരളത്തിനകത്തും പുറത്തുംനിന്നു കുടുംബങ്ങളും വ്യക്തികളും ചെറുകിട കച്ചവടക്കാരും ഓണ്‍ലൈന്‍ കച്ചവടക്കാരും കുത്താമ്പുള്ളിയില്‍ നേരിട്ടെത്തി വസ്ത്രം വാങ്ങുന്നു.