ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടി: മന്ത്രി പി. രാജീവ്
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: എഐ കാമറയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുഖത്തേറ്റ അടിയാണെന്ന് മന്ത്രി പി. രാജീവ്.
അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് കെൽട്രോണ്‍ പോലെയൊരു സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ച വി.ഡി. സതീശൻ ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇരുനേതാക്കൾക്കുമുള്ള പാഠമാണ് ഹൈക്കോടതി വിധി. പൊതുതാത്പര്യ ഹർജിയെന്ന പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനാണ് ഇരുവരും ശ്രമിച്ചത്. ഹർജി നൽകിയവർക്ക് തെളിവിന്റെ കണികപോലും നൽകാനായില്ല. രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാനുള്ള സംവിധാനമല്ല പൊതുതാത്പര്യ ഹർജിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.