"പേടിപ്പിക്കലൊന്നും വേണ്ട..'; പ്രതിഷേധക്കാരോട് കയർത്ത് ഷാഫി
Thursday, August 28, 2025 4:36 AM IST
വടകര: വടകര ടൗണില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. ടൗണ്‍ ഹാളില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഓണാഘോഷ പരിപാടിയായ ഓണം വൈബില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഒരും സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധവുമായി എത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്നു പറഞ്ഞ് ഡിവൈഎഫ്ഐക്കാര്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നടുറോഡില്‍ എംപിയുടെ വാഹനം തടയുകയായിരുന്നു.
പോലീസ് പ്രവര്‍ത്തകര്‍ക്കെതിരേ തിരിഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന് തയാറായില്ല. ഈ സമയം വാഹനത്തില്‍നിന്നു പുറത്തിറങ്ങി എംപി പോലീസുകാരോട് കയര്‍ത്തു. പ്രവര്‍ത്തകരില്‍ ചിലര്‍ എംപിക്കു നേരേ പാഞ്ഞടുത്തു. ഇവര്‍ക്കു നേരേ രൂക്ഷമായ ഭാഷയിലായിരുന്നു ഷാഫിയുടെ പ്രതികരണം.
ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന് വേറെ ആളെ നോക്കണമെന്നും എംപി വിളിച്ചുപറഞ്ഞു. സമരം ചെയ്തോട്ടെ. സമരത്തിന്റെ പേരില്‍ ആഭാസം കാണിക്കരുത്. വടകര അങ്ങാടിയില്‍നിന്ന് ആരും പേടിച്ച് പോവില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇതിനിടെ, വടകര സിഐ മുരളീധരനും എസ്ഐ രഞ്ജിത്തും എംപിയോടു പുറത്തിറങ്ങരുതെന്നു പറയുന്നുണ്ടായിരുന്നു. ഷാഫി പറമ്പില്‍ ഇത് വകവച്ചില്ല. എംപി ഡിവൈഎഫ്ഐയെ വെല്ലുവിളിക്കുകയും ചെയ്തു.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് രംഗം ശാന്തമായത്. എംപിയെ തടഞ്ഞതിനെതിരേ വൈകുന്നേരം ടൗണില്‍ യുഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.