ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുള്ള വിഭവങ്ങളുമായി കുടുംബശ്രീ കെ ലൈവ് +
Thursday, August 28, 2025 1:16 AM IST
കൊച്ചി: പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുള്ള വിഭവങ്ങളുമായി കുടുംബശ്രീ കെ ലൈവ് +.
പ്രമേഹത്തിനുള്ള ലോ ഗ്ലൈസെമിക് ഇന്‍ഡക്സുള്ള പാനീയങ്ങളും സ്നാക്സും ഉയര്‍ന്ന പ്രോട്ടീന്‍, ഫൈബര്‍ അടങ്ങിയ ബിസ്കറ്റുകളും കുക്കികളും റാഗി അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ഉത്പന്നങ്ങളും മധുരക്കിഴങ്ങ് സൂപ്പ് മിക്സുകളും പഞ്ചസാരയില്ലാത്ത ബ്രെഡ്, റസ്ക്, കപ്പ് കേക്ക് പോലുള്ള ബേക്കറി ഉത്പന്നങ്ങള്‍, മുരിങ്ങ അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റന്റ് ഹെല്‍ത്ത് മിക്സുകള്‍, ലോ ഗ്ലൈസെമിക് ഇന്‍ഡക്സ് നൂഡിലുകളും ഫംഗ്ഷണല്‍ ഫുഡുകളുമാണ് കുടുംബശ്രീ വിപണിയിലെത്തിക്കുന്നത്.
കുടുംബശ്രീ ലൈഫ് സ്റ്റൈല്‍ ഇനിഷ്യേറ്റീവ് ഫോര്‍ വൈറ്റല്‍ എംപവര്‍മെന്റ് (കെ ലൈവ് + ) എന്ന പേരിലാണു പദ്ധതി നടപ്പാക്കുന്നത്. ‘ആയുരാരോഗ്യ സൗഖ്യം സ്ത്രീശക്തീകരണത്തിലൂടെ’ എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുന്‍നിര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കു സമാനമായ പായ്ക്കിംഗാണുള്ളത്. ഗ്രാമീണമേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രാദേശികമായി തയാറാക്കുന്ന നവീകരിച്ച ഭക്ഷ്യ ഉത്പന്നങ്ങളിലൂടെ ജീവിതശൈലീ രോഗങ്ങളോടു പോരാടുക എന്നതുകൂടി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ.എസ്. ഷാനവാസ് പറഞ്ഞു.