ലൈംഗികപീഡന കേസ് ; റാപ്പർ വേടന് മുന്‍കൂര്‍ ജാമ്യം
Thursday, August 28, 2025 1:16 AM IST
കൊച്ചി: ലൈംഗികപീഡന കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധമാണു നടന്നിട്ടുള്ളതെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
അടുത്തമാസം ഒമ്പത്, പത്ത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ തൃക്കാക്കര പോലീസില്‍ ചോദ്യംചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റിലായാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആള്‍ജാമ്യവുമാണ് ഉപാധി. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമത്തിലൂടെയാണു പരിചയപ്പെട്ടതെന്നും കോഴിക്കോട്ടെ തന്റെ അപ്പാര്ട്ട്മെന്റില്വച്ചുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് പരാതിക്കാരി പറയുന്നത്. തുടര്‍ന്ന് വിവാഹം ചെയ്യാമെന്നറിയിക്കുകയും പലതവണ ശാരീരികബന്ധം പുലര്‍ത്തുകയും ചെയ്തു. പിന്നീട് ബന്ധമില്ലാതായതോടെ സൗഹൃദവും ഇല്ലാതായെന്നു യുവതി പറയുന്നു.
ബലാത്സംഗം ആരോപിക്കുന്ന സംഭവത്തില്‍ ഹര്ജിക്കാരന് മൂന്നു ദിവസം യുവതിക്കൊപ്പം താമസിച്ചശേഷമാണു മടങ്ങിയത്. പിന്നീട് പ്രണയബന്ധം തകര്‍ന്നപ്പോഴാണ് ഇതു പീഡന ആരോപണമായി മാറിയതെന്നും കോടതി വിലയിരുത്തി.
2021-23 കാലഘട്ടത്തിലെ സംഭവങ്ങളുടെ പേരിലാണു വേടനെതിരേ യുവതി പരാതി നല്‍കിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള കേസായതിനാല്‍ വേടനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
മറ്റൊരു യുവതികൂടി പോലീസില്‍ പരാതി നല്‍കിയെന്നും മറ്റൊരു പരാതിക്ക് സാധ്യതയുണ്ടെന്നുമുള്ള വാദം ഹർജിക്കാരി ഉയര്‍ത്തിയെങ്കിലും അത് ഈ ഹർജിയുടെ പരിഗണനാവിഷയമല്ലെന്നും നിയമവശങ്ങളാണ് ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാനദണ്ഡമെന്നും കോടതി പറഞ്ഞു.