സ്കൂൾ അത്ലറ്റിക് ഫണ്ട്: ദീപിക വാർത്ത തുണയായി; ഉത്തരവിൽ തിരുത്ത്, അധ്യാപകർക്ക് ആശ്വാസം
Thursday, August 28, 2025 4:36 AM IST
കൊച്ചി: കായികമേള നടത്തിപ്പിനായി സ്പെഷൽ ഫീസിനത്തിൽ കുട്ടികളിൽനിന്നു പിരിക്കുന്ന തുക (അത്ലറ്റിക് ഫണ്ട്) പൂർണമായും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്ന ഉത്തരവിൽ തിരുത്ത്.
ശേഖരിക്കുന്ന തുകയിൽ സ്കൂൾ വിഹിതമായ 21 രൂപ കുറച്ചുള്ള 54 രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടച്ചാൽ മതിയെന്നാണു പുതിയ സർക്കുലർ (സ്പോർട്സ്/13686/2025/ഡിഡിഇ).
മുഴുവൻ തുകയും അടയ്ക്കണമെന്നായിരുന്നു കഴിഞ്ഞമാസം 28ന് ഇറക്കിയ സർക്കുലറിൽ ഉണ്ടായിരുന്നത്. ഇതുമൂലം സ്കൂൾ അധികൃതരും അധ്യാപകരും ആശങ്കയിലാണെന്ന് ദീപിക കഴിഞ്ഞ ഏഴിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടൊപ്പം അധ്യാപക സംഘടനകളുടെ എതിർപ്പുകൂടി വന്നതോടെയാണു സർക്കുലർ ഭേദഗതി വരുത്തി വീണ്ടും നൽകിയത്. എന്നാൽ, ചില സ്കൂളുകളിൽനിന്നുണ്ടായ ആശങ്ക മൂലമാണു സ്പഷ്ടീകരണം നടത്തിയതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി ഇറക്കിയിരിക്കുന്ന സർക്കുലറിലെ വിശദീകരണം. തുക ഇനിയും നൽകാത്ത സ്കൂളുകൾ സർക്കുലർ ലഭിച്ച് അഞ്ചു ദിവസത്തിനകം അടയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കായികമേളയുടെ നടത്തിപ്പിനായി ഹയർ സെക്കൻഡറി/ വിഎച്ച്എസ്ഇ കുട്ടികളിൽ നിന്നും 75 രൂപ വീതമാണു പിരിക്കുന്നത്. സബ്ജില്ലാ വിഹിതമായ 12 രൂപയും ജില്ലാതല വിഹിതമായ 15 രൂപയും സംസ്ഥാനതല കായികമേള നടത്തിപ്പിന്റെ വിഹിതമായ 27 രൂപയും ചേർത്ത് 54 രൂപ മാത്രമാണ് മുൻവർഷങ്ങളിൽ അടച്ചിരുന്നത്.