പ്രതിരോധത്തിനു കടന്നാക്രമണവുമായി കോണ്‍ഗ്രസ്
Wednesday, August 27, 2025 2:22 AM IST
തിരുവനന്തപുരം: കടന്നാക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന തിരിച്ചറിവിലാണു കോണ്‍ഗ്രസ്. ഇക്കാലമത്രയും പിന്തുടർന്നു വന്ന പാതയിൽനിന്നുള്ള വ്യതിചലനംകൂടിയാണിത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറന്പിലിനെയും വി.ഡി. സതീശനെയും കൂടി പ്രതിക്കൂട്ടിലാക്കി പ്രതിഷേധം കടുപ്പിക്കുന്ന സിപിഎമ്മിനും ബിജെപിക്കും അതേ നിലയിലുള്ള തിരിച്ചടി കൊടുക്കാനാണു കോണ്‍ഗ്രസ് തീരുമാനം.
കാളയുമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെത്തിയ യുവമോർച്ചക്കാർ ആ കാളയെ കൂടെ നിർത്തിക്കൊള്ളാനായിരുന്നു വി.ഡി. സതീശൻ ഇന്നലെ പറഞ്ഞത്. അതു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മുന്നിലേക്കു കൊണ്ടുപോകാനുള്ള അവസരം ഉടൻ ഉണ്ടാകുമെന്ന ഭീഷണിയും സതീശൻ മുഴക്കി. സിപിഎമ്മിനോടും ഇതേ ഭീഷണിയുടെ സ്വരത്തിലാണ് സതീശൻ പ്രതികരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നലെ ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തി ഇടതുപക്ഷത്തെ നേതാക്കൾക്കെതിരേ പോസ്റ്റർ പതിച്ചു. രാഹുലിനെതിരേ ഇടതുപക്ഷം പോസ്റ്റർ പതിക്കുന്പോൾ മുകേഷിന്റെയും കടകംപള്ളി സുരേന്ദ്രന്റെയും ഉൾപ്പെടെ ഏഴു നേതാക്കളുടെ പടങ്ങളുമായാണു കോണ്‍ഗ്രസുകാർ ക്ലിഫ് ഹൗസിലേക്കു പോയത്. പോസ്റ്ററിന്റെ ഏറ്റവും മുകളിൽ മുഖ്യമന്ത്രിയുടെ ചിത്രവുമുണ്ടായിരുന്നു.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിന്റെ തിളക്കത്തിൽ തദ്ദേശതെരഞ്ഞെടുപ്പിലേക്കു നീങ്ങാനൊരുങ്ങിയ കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണു രാഹുൽ മാങ്കൂട്ടത്തിൽ നൽകിയത്. ഈ സംഭവം പാർട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു എന്നു കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം. വിഷയം വലിച്ചു നീട്ടിക്കൊണ്ടു പോകാനുള്ള എതിർപക്ഷത്തിന്റെ നീക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നു.
ഈ സാഹചര്യത്തിലാണ് ഇതേ നാണയത്തിൽ എതിരാളികൾക്കു തിരിച്ചടി നൽകാൻ സതീശൻ തന്നെ നേരിട്ടിറങ്ങിയത്. എന്തോ വരാനിരിക്കുന്നു എന്ന മുന്നറിയിപ്പും സതീശൻ നൽകുന്നുണ്ട്.
സതീശന്റെ ഭീഷണിക്ക് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മറുപടി നൽകിയിട്ടുണ്ട്. ആരോപണങ്ങൾ വന്നാൽ പ്രതിരോധത്തിന്റെ ഭാഷയിലേക്കു മാറുന്നതായിരുന്നു കോണ്‍ഗ്രസിന്റെ പരന്പരാഗത സമീപനം.
ബാർ കോഴക്കാലത്തും സോളാർ കാലത്തുമെല്ലാം ഇതുതന്നെയാണു കണ്ടത്. ഇതിൽനിന്നുള്ള മാറ്റമാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ ഭാഷയിൽ പ്രകടമായിട്ടുള്ളത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്പോൾ സംസ്ഥാന രാഷ്ട്രീയം സംഘർഷ ഭരിതമാകുന്നതിന്റെ സൂചനകളാണു കാണുന്നത്.