എം.ആര്. അജിത്കുമാറിനെതിരായ പരാതി; തുടര്‍നടപടിക്കുള്ള ഉത്തരവ് സര്‍ക്കാരിന്റെ
അനുമതിയോടെയാണോയെന്ന് ഹൈക്കോടതി
Wednesday, August 27, 2025 1:27 AM IST
കൊച്ചി: എഡിജിപി എം.ആര്. അജിത്കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ തുടര്‍നടപടിക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയശേഷമാണോയെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടു വിശദീകരണം നല്കാന് ജസ്റ്റീസ് എ.ബദറുദ്ദീന്‍ ഉത്തരവിട്ടു.
തന്നെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി തുടര്‍നടപടിക്ക് ഉത്തരവിട്ട പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു അജിത്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാർ നിലപാട് അറിഞ്ഞശേഷം വിജിലന്‍സ് കോടതി നടപടികള്‍ റദ്ദാക്കണമോയെന്ന കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയിലാണു വിജിലന്‍സ് കോടതി തുടര്‍നടപടിക്ക് ഉത്തരവിട്ടത്. എംഎല്‍എയായിരുന്ന പി.വി. അന്‍വര്‍ നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന് അറിയിച്ചു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം പോലും നടത്താനാകൂവെന്ന് കോടതി പറഞ്ഞു. ആരോപണം എത്ര ഗുരുതരമായാലും നിയമപരമായ നടപടി മാത്രമേ സ്വീകരിക്കാനാകൂ. സര്‍ക്കാര്‍ അനുമതി തേടാന്‍ പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു വിജിലന്‍സ് കോടതി ചെയ്യേണ്ടിയിരുന്നത്.