വനിതാ പഞ്ചായത്ത് അംഗം ജീവനൊടുക്കി
Wednesday, August 27, 2025 2:22 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്ത് കോട്ടയ്ക്കകം വാർഡ് കോൺഗ്രസ് അംഗം ആര്യനാട് കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ വീട്ടിൽ എസ്. ശ്രീജ (48) ആസിഡ് ഉള്ളിൽ ചെന്ന് മരിച്ചു. ഇന്നലെ പുലർച്ചെ 5.30 ഓടെ വീടിന്റെ പിൻവശത്ത് ശ്രീജയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ശ്രീജയ്ക്കതിരേ മോശം പരാമർശം നടത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നു കോൺഗ്രസും ശ്രീജയുടെ ബന്ധുക്കളും ആരോപിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്കായി മൊഴിയിൽ പറഞ്ഞ പേരുകൾ പോലീസ് രേഖപ്പെടുത്തിയില്ലെന്ന്നാരോപിച്ച് കോൺഗ്രസ് ഇൻക്വസ്റ്റ് നടപടികൾ തടഞ്ഞു പ്രതിഷേധിച്ചു. തുടർന്ന് വീണ്ടും മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.
സാമ്പത്തിക പ്രശ്നമാണ് മരണത്തിനു കാരണമെന്നാണുവിവരം. ശ്രീജയ്ക്ക് 20 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ടു മാസം മുൻപും ശ്രീജ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പിന്നീട് കോട്ടയ്ക്കകത്തുനിന്ന് കൊക്കോട്ടേലയിൽ ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം നൽകാൻ ഉണ്ടെന്നുപറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരേ ഇന്നലെ എൽഡിഎഫ് പ്രതിഷേധ യോഗം നടത്തിയത്.
വാർഡ് മെമ്പറുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചു. വാർഡ് മെമ്പറുടെ മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റിനും ജി. സ്റ്റീഫൻ എംഎൽഎയ്ക്കും പങ്ക് ഉണ്ടെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ജലീൽ ആരോപിച്ചു. ആശുപത്രിയിൽ എത്തിയ ജി. സ്റ്റീഫൻ എംഎൽഎയെ മൃതദേഹം കാണാൻ കോൺഗ്രസ് പ്രവർത്തകർ അനുവദിച്ചില്ല.
പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തവിഷയത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്യനാട് ജംഗ്ഷനിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കേസെടുക്കുമെന്ന് ആര്യനാട് എസ്എച്ച്ഒ അറിയിച്ചു.
ശ്രീജയുടെ ഭർത്താവ് ജയകുമാർ. മക്കൾ: മിഥുന, ചന്ദന. മരുമക്കൾ: അബി, അരുൺ. മൃതദേഹം ഇന്നു രാവിലെ ഒന്പതിന് സംസ്കരിക്കും.