സ്വയം വാദിച്ചു കേസ് ജയിച്ച മേയ്മോള് വനംവകുപ്പിനെതിരേ നഷ്ടപരിഹാരം തേടി ഉപഹര്‍ജി നല്കി
Wednesday, August 27, 2025 1:27 AM IST
കൊച്ചി: സ്വയം കേസ് വാദിച്ചു വിജയിച്ച മേയ്മോള് വനം വകുപ്പിനെതിരേ നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
ഭൂമി വിട്ടുനല്‍കാന്‍ തയാറായിട്ടും ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും പട്ടയമില്ലെന്നതിന്റെ പേരില്‍ 2018 ലെ പ്രളയശേഷം സര്‍ക്കാര്‍ ആവിഷ്കരിച്ച ആര്‍കെഡി പദ്ധതിപ്രകാരമുള്ള അപേക്ഷ നിരസിക്കുകയും കോടതി ഉത്തരവുണ്ടായിട്ടും പിന്നെയും വട്ടം കറക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നഷ്ടപരിഹാരം അനുവദിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടു കോതമംഗലം സ്വദേശിനിയായ മേയ്മോള് ഉപഹര്‍ജി നല്‍കിയത്.
ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിയായവിധം നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യവും പിന്നീട് അപ്പീല്‍ ഹര്‍ജിയും നല്‍കിയതോടെയാണു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായത്. ഈ ഹര്‍ജിയാണു നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്.
ഭൂമി വനംവകുപ്പിന്റെ പേരിലേക്ക് എഴുതി നല്‍കിയതിന്റെ രേഖകള്‍ ചൊവ്വാഴ്ച മേയ്മോള് കോടതിയില്‍ ഹാജരാക്കി. തുക കൈമാറാന്‍ കോടതിയും നിര്‍ദേശം നല്കി. ഇതിനുപിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേയ്മോള് ഉപഹര്‍ജി നല്‍കിയത്.