കൊച്ചി വിമാനത്താവളത്തിൽ നാലുകോടിയുടെ കഞ്ചാവ് പിടികൂടി
Wednesday, August 27, 2025 1:27 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലു കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ബാങ്കോക്കില്‍നിന്നു ക്വലാലംപുര്‍ വഴി മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന ഇരിങ്ങാലക്കുട സ്വദേശി സെബി ഷാജുവിൽനിന്നാണു കഞ്ചാവ് പിടിച്ചത്.
പോളിത്തീന്‍ കവറുകളിലാക്കി ചെക്കിന്ബാഗിലാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കാപ്പ ഉള്‍പ്പെടെ കേസുകളിൽ പ്രതിയാണ് സെബി ഷാജു. ചോദ്യംചെയ്യലില്‍ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളതായി ഇയാള്‍ സമ്മതിച്ചെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കസ്റ്റംസ് ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന്, കമ്മീഷണര്‍ ഡോ. ടി. ടിജു, ജോയിന്റ് കമ്മീഷണര്‍ ശ്യാം ലാല്‍, ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗീസ്, അസി . കമ്മീഷണര്‍ പോള്‍ പി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു വര്‍ഷത്തിനുള്ളില്‍ കൊച്ചി കസ്റ്റംസ് 101 കിലോഗ്രം കഞ്ചാവ് പിടിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.