സിനിമയിലെ നഷ്ടക്കണക്ക് ഇനി പുറത്തുവിടില്ല
Wednesday, August 27, 2025 1:27 AM IST
കൊച്ചി: സിനിമയിലെ നഷ്ടക്കണക്ക് ഇനി പുറത്തുവിടില്ലെന്നു നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. പുതിയ ഭരണസിമിതിയുടെ ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
നേരത്തേയുണ്ടായിരുന്ന സാഹചര്യം നിലവിലില്ലെന്നു വിലയിരുത്തിയാണ് തീരുമാനമെന്ന് യോഗത്തിനുശേഷം പ്രസിഡന്റ്ബി. രാകേഷ്, സെക്രട്ടറി ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു.
താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് താരസംഘടനയായ ‘അമ്മ’ യില്‍ നല്കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇരുസംഘടനകളും കൂട്ടായി ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇ-ടിക്കറ്റിംഗിന്റെ പ്രാരംഭ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഡിജിറ്റൽ സര്‍വകലാശാലയുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിലവില്‍ 45 മുതല്‍ 50 രൂപ വരെയാണ് ഓണ്‍ലൈന്‍ ടിക്കറ്റിന് അധികമായി നല്‍കേണ്ടിവരുന്നത്. ഈ സാഹചര്യം ഒഴിവാക്കാനും തിയറ്ററുകാര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തിലുമാകും പുതിയ സംവിധാനം.
ഇതോടൊപ്പം ബുക്ക് മൈ ഷോയിലൂടെയുള്ള ടിക്കറ്റിന്റെ വില കുറയ്ക്കാന്‍ ഇടപെടല്‍ നടത്തും. പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രമോട്ട് ചെയ്യുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തില്‍ പറഞ്ഞു. യോഗത്തിനുശേഷം സംഘടനയിലെ അംഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം നടന്നു. ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശ്വേതാ മേനോനെ ആദരിച്ചു.
സിനിമാമേഖലയെ മികച്ചതാക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്നും ശ്വേത വ്യക്തമാക്കി. പ്രതിഫലം സംബന്ധിച്ച് ജനറല്‍ ബോഡിക്കുശേഷം തീരുമാനം അറിയിക്കാമെന്നും ശ്വേത കൂട്ടിച്ചേർത്തു.