അവന്തികയുടെ ആരോപണം: പിന്നിൽ ഗൂഢാലോചനയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ്
Wednesday, August 27, 2025 1:27 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ട്രാന്‍സ്ജെന്‍ഡര്‍ അവന്തികയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായും ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ്.
രാഹുല്‍ എംഎല്‍എ ആകുന്നതിന് മുമ്പുതന്നെ ഇരുവരും സുഹൃത്തുക്കളാണ്. സമൂഹമാധ്യമങ്ങള്‍ വഴി മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്തിട്ടുമുണ്ട്.
രാഹുല്‍ നല്ല സുഹൃത്താണെന്നാണ് ആരോപണം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പ് വരെ അവന്തിക പറഞ്ഞിരുന്നത്. പിന്നെ എങ്ങനെ പെട്ടെന്നു മോശക്കാരനായി. ഇതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ന രാജു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചേര്ത്തുനിർത്തുന്നവരെ തേജോവധം ചെയ്യുന്ന രീതി അംഗീകരിക്കാനാകില്ല. രാഹുലിനെ കരിവാരി തേയ്ക്കാനാണ് ആരോപണത്തിലൂടെ അവന്തിക ലക്ഷ്യമിട്ടത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അവന്തിക മറ്റുള്ളവരോട് പറയുന്നതിന്റെ ശബ്ദസന്ദേശം തന്റെ പക്കലുണ്ട്. ഗൂഢാലോചനയ്ക്കു പിന്നില്‍ ആരാണെന്നുള്ള കാര്യം തെളിവുസഹിതം സമയം വരുമ്പോള്‍ പുറത്തുവിടും.
സമാന ആരോപണങ്ങള്‍ ഉന്നയിച്ച് അവന്തിക ഇതിനുമുമ്പും പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട്. കോട്ടയം പോലീസ് പരിധിയില്‍ നല്കിയ കേസില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിലെ ഒരാളുമായിരുന്നു പ്രതിസ്ഥാനത്ത്. ഈ കേസുകള്‍ പിന്നീട് 50,000 രൂപ വാങ്ങി ഒത്തുതീര്‍പ്പാക്കി.
എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തരുതെന്ന് സ്പെഷല്‍ ബ്രാഞ്ചില്‍നിന്നു നിര്ദേശമുള്ളതായാണു അവന്തിക പറഞ്ഞത്. ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിച്ച പലരും ഇന്ന് അവന്തികയ്ക്ക് ഒപ്പമില്ല. ഒറ്റയ്ക്കായ അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളതെന്നും അന്ന രാജു പറഞ്ഞു.