അധ്യാപക നിയമനാംഗീകാരം; സർക്കാർ നിലപാട് തിരുത്തണമെന്നു കത്തോലിക്ക കോൺഗ്രസ്
Wednesday, August 27, 2025 1:27 AM IST
കൊച്ചി: ഭിന്നശേഷി സംവരണത്തിന്റെ മറവിൽ അർഹരായ അധ്യാപകർക്കു നിയമനാംഗീകാരം നൽകാത്ത കേരള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും സർക്കാർ നയം തിരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ആവശ്യത്തിന് ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞ് ക്രൈസ്തവ മാനേജ്മെന്റുകൾക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ അർഹരായ അധ്യാപകർക്ക് നിയമനം നൽകണം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെത്തന്നെ താറുമാറാക്കുന്നതിന് തുല്യമായ തീരുമാനമാണു സർക്കാരിന്റേത്.
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനാംഗീകാരം തടഞ്ഞുവച്ചിരിക്കുന്ന മുഴുവൻ പേർക്കും അതു നൽകാൻ തയാറാകുന്നില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ഇക്കാര്യം സംബന്ധിച്ച് പ്രചാരണം നടത്താനും സമരപരിപാടികൾ ആവിഷ്കരിക്കാനും മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ . ജോസ്കുട്ടി ജെ. ഒഴുകയിൽ, ട്രഷറർ അഡ്വ.ടോണി പുഞ്ചക്കുന്നേൽ , ഭാരവാഹികളായ പ്രഫ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, ഡോ. കെ.പി. സാജു, ജേക്കബ് നിക്കോളാസ്, ആൻസമ്മ സാബു, അഡ്വ. ഷീജ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.