താമരശേരി ചുരത്തില്‍ വന്‍ മണ്ണിടിച്ചില്‍
Wednesday, August 27, 2025 1:27 AM IST
താമരശേരി: താമരശേരി ചുരത്തില്‍ വന്‍ പാറക്കൂട്ടം ഇടിഞ്ഞുവീണ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
പാറക്കൂട്ടങ്ങളും കൂറ്റന്‍ മരങ്ങളുമാണ് ഇന്നലെ സന്ധ്യക്ക് ഏഴോടെ റോഡില്‍ പതിച്ചത്. ഒന്‍പതാം വളവിലെ വ്യൂ പോയിന്റിനു സമീപത്താണു മണ്ണിടിച്ചിലുണ്ടായത്. ഈ സമയം അതുവഴി വന്ന വാഹനങ്ങള്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
മണ്ണിടിഞ്ഞതിനു തൊട്ടുമുമ്പ് ചുരത്തില്‍ മഴ പെയ്തിരുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും കല്പ്പറ്റയില്നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്ന് പാറയുംമണ്ണും നീക്കാനുള്ള ശ്രമം രാത്ര തന്നെ ആരംഭിച്ചു.
സംഭവത്തെത്തുടര്‍ന്ന് നൂറുകണക്കിനു വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി. പോലീസ് ഇടപെട്ട് അടിവാരത്തും ലക്കിടിയിലുമായി വാഹനങ്ങള്‍ തടഞ്ഞ് വഴിതിരിച്ചുവിട്ടു. അത്യാവശ്യ യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴി യാത്ര തുടരണമെന്ന് പോലീസ് അറിയിച്ചു.
വയനാട്ജില്ലാ കളക്ടര്‍, എംഎല്‍എ തുടങ്ങിയവര്‍ സ്ഥലത്തെത്തി. രണ്ടു ജെസിബികള്‍ സ്ഥലത്തെത്തിച്ചാണ് മണ്ണും പാറയും നീക്കം ചെയ്യാന്‍ ആരംഭിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തടസം നീക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇനിയും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്ന് പരിശോധിച്ച ശേഷമേ വാഹനഗതാഗതം പുന:സ്ഥാപിക്കുകയുളളൂ.