സഹപ്രവർത്തകനെതിരേ വ്യാജപരാതി ; അധ്യാപികയുടെ സ്ഥലംമാറ്റ ഉത്തരവ് ശരിവച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
Wednesday, August 27, 2025 1:27 AM IST
ആലുവ: സഹ അധ്യാപകന്റെ പ്രമോഷന് സാധ്യത തടയാനായി വിദ്യാര്ഥിനികളെക്കൊണ്ടു വ്യാജ പരാതി തയാറാക്കിയ അധ്യാപികയുടെ സ്ഥലംമാറ്റ ഉത്തരവ് അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച സുനിമോള്‍ എല്‍. പുളിക്കന്റെ അപ്പീല്‍ തള്ളിയതോടെയാണു പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റ നടപടി നിലനില്‍ക്കുന്നതായി അറിയിച്ച് ഉത്തരവിറക്കിയത്.
ആലുവ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപികയായിരിക്കേ 2022 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തി അധ്യാപികയെ താക്കീത് ചെയ്ത് ഏലൂരിലേക്കു സ്ഥലംമാറ്റുകയായിരുന്നു. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ നല്‍കിയെന്നും സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണണ് സുനിമോള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
മോശമായി പെരുമാറിയെന്നു വിദ്യാര്‍ഥിനികളെക്കൊണ്ട് അതേ വിദ്യാലയത്തിലെ സീനിയര്‍ അധ്യാപകനായ ടി.കെ. രമേശിനെതിരേ വ്യാജപരാതി തയാറാക്കിയതാണ് അധ്യാപികയ്ക്കെതിരേയുള്ള പ്രധാന കുറ്റം. രക്ഷിതാക്കളോടു വിദ്യാര്‍ഥിനികള്‍ തെളിവെടുപ്പുസമയത്ത് സത്യം തുറന്നുപറഞ്ഞതാണു വഴിത്തിരിവായത്.
വിദ്യാര്‍ഥിനികളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതിന് രക്ഷിതാക്കള്‍ ആരോപിതയായ അധ്യാപികയ്ക്കെതിരേ പരാതി നല്കി. വകുപ്പുതല അന്വേഷണങ്ങള്‍ക്കുശേഷം എറണാകുളം ജില്ലാ ഉപഡയറക്ടര്‍ ഹിയറിംഗ് നടത്തിയാണ് അധ്യാപികയെ ഏലൂരിലേക്കു സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. വ്യാജപരാതി തയാറാക്കിയ കേസില്‍ ശിക്ഷ ഒഴിവാക്കാന്‍ പറ്റില്ലെന്ന 2024 മാര്‍ച്ച് 26ലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയാണ് സര്‍ക്കാര്‍ ശരിവച്ചിരിക്കുന്നത്.