ചുവന്ന കടല്ത്തിരയ്ക്കു കാരണം; തുടര്‍ച്ചയായ മഴയും പാരിസ്ഥിതിക വ്യതിയാനങ്ങളും
Wednesday, August 27, 2025 1:27 AM IST
കൊച്ചി: തുടര്‍ച്ചയായ മണ്‍സൂണ്‍ മഴയില്‍ കരയില്നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് കേരളതീരങ്ങളില്‍ ചുവന്ന കടല്‍ത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിനു കാരണമാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ).
തീരങ്ങളില്‍ മാത്രമല്ല കരയില്‍നിന്ന് 40 കിലോമീറ്റര്‍ ഉള്ളില്‍ ഏകദേശം 40 മീറ്റര്‍ ആഴമുള്ള കടലിലും ചുവന്നതിര പ്രതിഭാസമുണ്ടെന്ന് സിഎംഎഫ്ആര്‍ഐ മറൈന്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എണ്‍വയോണ്‍മെന്റ് മാനേജ്മെന്റ് വിഭാഗം നടത്തിയ ഫീല്‍ഡ് സര്‍വേയില്‍ കണ്ടെത്തി.
രാത്രികാലങ്ങളില്‍ ചുവന്ന തിരകള്‍ കവര്‍ (ബയോലൂമിനസെന്‍സ്) എന്ന പ്രതിഭാസം പ്രകടമാക്കുന്നു. ഈ സൂക്ഷ്മ പ്ലവകങ്ങള്‍ വെള്ളത്തിന് ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം നല്കുന്നു.
ഓഗസ്റ്റ് ആദ്യം മുതല്‍ കൊയിലാണ്ടി, ചാവക്കാട്, എടക്കഴിയൂര്‍, നാട്ടിക, ഫോര്‍ട്ട്കൊച്ചി, പുത്തന്‍തോട്, പുറക്കാട്, പൊഴിക്കര എന്നിവയുള്‍പ്പെടെ നിരവധി ബീച്ചുകളില്‍ ബയോലൂമിനസെന്റ് റെഡ് ടൈഡുകള്‍ ദൃശ്യമായിരുന്നു.
മീനുകളുടെ ഭക്ഷ്യലഭ്യതയെ ബാധിച്ചേക്കാം
മത്സ്യസമ്പത്തിന് നേരിട്ടു ദോഷകരമാകുന്നതല്ല ഈ പ്രതിഭാസം. റെഡ് ടൈഡ് പ്രദേശങ്ങളില്‍ ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍ മീനുകള്‍ ഈ മേഖലയില്‍ നിന്ന് ഒഴിഞ്ഞുമാറും.
പല മീനുകളുടെയും ഭക്ഷണമായ ഡയാറ്റമുകള്‍, ബാക്ടീരിയകള്‍, മറ്റ് പ്ലവകങ്ങള്‍ തുടങ്ങിയവ ഈ ആല്‍ഗകള്‍ ഭക്ഷിക്കുന്നതിനാല്‍ തീവ്രമായ ആല്‍ഗല്‍ ബ്ലൂം ഉണ്ടാകുമ്പോള്‍ മീനുകളുടെ ഭക്ഷ്യലഭ്യതയെ സാരമായി ബാധിച്ചേക്കും. ഇത്തരം സാഹചര്യം മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ ശാസത്രജ്ഞര്‍ പറഞ്ഞു.
ഇതു വിലയിരുത്താന്‍ മഴക്കാലങ്ങളില്‍ തീരദേശ ജലാശയങ്ങളില്‍ പ്രത്യേകം നിരീക്ഷണം ആവശ്യമാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.