കോഴക്കേസ്: കെ. സുരേന്ദ്രനെയടക്കം വെറുതേ വിട്ടതിനെതിരേ സർക്കാരിന്റെ പുനഃപരിശോധനാഹര്‍ജി പിന്‍വലിച്ചു
Wednesday, August 27, 2025 1:27 AM IST
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയടക്കം വെറുതേ വിട്ട കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവിനെതിരായ സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിച്ചു.
ഇതേ വിഷയത്തില്‍ അപ്പീല്‍ ഹര്‍ജി നല്കാന് ഉദ്ദേശിക്കുന്നതിനാല്‍ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് അനുവദിക്കുകയായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ അപരനായി ബിഎസ്പിയിലെ കെ.സുന്ദര പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈല്‍ ഫോണും കോഴ നല്കി അനുനയിപ്പിച്ച് പിന്‍വലിപ്പിച്ചെന്നുമാണ് കേസ്. എന്നാല്‍, കേസില്‍ സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസര്‍ഗോഡ് സെഷന്‍സ് കോടതി 2024 ഓക്ടോബര്‍ അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചു.
ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.