മദർ തെരേസ കാരുണ്യത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകം: മന്ത്രി
Wednesday, August 27, 2025 1:27 AM IST
തൃശൂർ: കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകമാണ് മദർ തെരേസയെന്നു മന്ത്രി ഡോ. ആർ. ബിന്ദു.
സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മദർ തെരേസ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ടൗണ്‍ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ.
ഈ ലോകത്ത് ആരും അനാഥരല്ലെന്ന് ഉദ്ഘോഷിച്ച ഉന്നതവ്യക്തിയായിരുന്നു മദർ തെരേസ. നമ്മുടെ ലോകചരിത്രത്തിൽ മാനവികതയുടെയും ജീവകാരുണ്യത്തിന്റെയും പ്രകാശഗോപുരമായി നിലകൊള്ളുന്ന മഹദ്വ്യക്തിത്വത്തെ അനുസ്മരിക്കുന്പോൾ സംസ്ഥാനത്തെന്പാടുമുള്ള അഗതിമന്ദിരങ്ങളിലെ അന്തേവാസികളായ എല്ലാ സഹോദരീസഹോദരങ്ങളെയും നമ്മൾ ചേർത്തുപിടിക്കുകയാണ്.
199 വൃദ്ധസദനങ്ങൾ, 34 പിഎച്ച് ഹോമുകൾ, ആറ് സംരക്ഷണഭവനങ്ങൾ ഉൾപ്പെടെ 239 ക്ഷേമസ്ഥാപനങ്ങൾക്കാണ് സാമൂഹികനീതിവകുപ്പിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഓർഫനേജ് കണ്ട്രോൾ ബോർഡിൽനിന്നു ഗ്രാന്റ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
27 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ജില്ലാ സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ജോയ്സി സ്റ്റീഫനെ മന്ത്രി ആദരിച്ചു.
ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദുള്ള, കോർപറേഷൻ കൗണ്‍സിലർ റെജി ജോയ്, ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗം എം.കെ. സിനുകുമാർ, ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ആർ. പ്രദീപൻ എന്നിവർ പ്രസംഗിച്ചു.