രാജവീഥിയെ പുളകംകൊള്ളിച്ച് അത്തം ഘോഷയാത്ര
Wednesday, August 27, 2025 1:27 AM IST
തൃപ്പൂണിത്തുറ: മലയാളത്തിന്റെ മഹോത്സവമായ ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ നിറപ്പകിട്ടിന്റെ ആഘോഷമായി അത്തംഘോഷയാത്ര.
ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തി. ചലച്ചിത്രതാരം ജയറാം ഫ്ലാഗ് ഓഫ് ചെയ്തതോടെ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് ആവേശം പകർന്ന് ചമയ പുറപ്പാടിനായി കാത്തുനിന്ന കലാരൂപങ്ങൾ രാജവീഥിയിലേക്കിറങ്ങി.
അത്തം ഘോഷയാത്രയുടെ വരവറിയിക്കുന്ന അനൗൺസ്മെന്റ് വാഹനത്തിനു പിന്നാലെ നീങ്ങിയ ജനപ്രതിനിധികളുൾപ്പെടുന്ന സംഘാടകരും അവർക്കു പിന്നാലെയായി രാജഭരണകാലത്തെ അത്തച്ചമയത്തെ ഓർമപ്പെടുത്തുംവിധം പെരുമ്പറ മുഴക്കി നകാരയിറങ്ങി.
പിന്നാലെ രാജാവിന്റെ പല്ലക്ക്, മാവേലി, വിദ്യാർഥികളുടെ മാർച്ച്, കലാപ്രകടനങ്ങൾ, എന്നിവയും പൗരാണികവും ആധുനികവുമായ ഒട്ടേറെ കലാരൂപങ്ങളും നൃത്തച്ചുവട് വച്ചിറങ്ങി. ഏറ്റവും പിന്നിലായി നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.
മൂവായിരത്തിലധികം കലാകാരന്മാർ പങ്കെടുത്ത ഘോഷയാത്രയുടെ മുൻനിര കിഴക്കേക്കോട്ട പിന്നിട്ടപ്പോഴും അത്തം നഗറിൽനിന്ന് മുഴുവനായി ഇറങ്ങിയിരുന്നില്ല. നഗരം ചുറ്റിയ ഘോഷയാത്ര ഉച്ചകഴിഞ്ഞു 2.30 ഓടെ തിരികെ അത്തം നഗറിലെത്തി.
രാവിലെ സിയോൺ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരങ്ങളുടെ പ്രദർശനം വൈകുന്നേരം നടന്നു.
ലായം കൂത്തമ്പലത്തിൽ വൈകുന്നേരം നടന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ രാജനഗരിക്ക് ആഘോഷനാളുകൾ സമ്മാനിച്ച് പത്തു ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്കു തുടക്കമായി.