ശരാശരി റബര്‍ വില പതിറ്റാണ്ടിലേറെയായി 200 രൂപയില്‍ താഴെ
Wednesday, August 27, 2025 1:27 AM IST
റെജി ജോസഫ്
കോട്ടയം: കഴിഞ്ഞ പതിനാലു വര്‍ഷത്തിനുള്ളില്‍ റബര്‍ ഷീറ്റിനു വാര്‍ഷിക ശരാശരി വില 200 രൂപയക്കു മുകളിലെത്തിയത് 2011-12 സാമ്പത്തിക വര്‍ഷം മാത്രം. അക്കൊല്ലം 208 രൂപ. ഉത്പാദന, സംസ്കരണചെലവ് ഓരോ വര്‍ഷവും കുത്തനെ കുതിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ 200ല്‍ താഴെയാണ് ശരാശരി വില.
2015-16ലെ ശരാശരി വാര്‍ഷികനിരക്ക് 113 രൂപ മാത്രം. റബറിന് റിക്കാര്‍ഡ് വില ലഭിച്ചത് 2024 ഓഗസ്റ്റ് 19നാണ്. ആര്‍എസ്എസ് നാല് ഗ്രേഡിന് അന്ന് 247 രൂപ. 255 രൂപയ്ക്കു വരെ വ്യാപാരം നടന്നു. ആ കുതിപ്പ് ദിവസങ്ങള്‍ മാത്രമേ തുടര്‍ന്നുള്ളു. ഒക്ടോബറില്‍തന്നെ വില 200ലേക്ക് ഇടിഞ്ഞു. റിക്കാര്‍ഡ് വില ലഭിച്ച 2024ലെ വാര്‍ഷിക ശരാശരി വില 199 രൂപ മാത്രം.
ഇക്കൊല്ലവും പ്രതീക്ഷയുണര്‍ത്തി ജൂലൈയില്‍ 215 രൂപവരെ കയറിയെങ്കിലും ഈ മാസം തുടക്കം കുത്തനെ താഴുകയാണ്. ഇന്നലെ റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാലിന് 189 രൂപയും ഗ്രേഡ് നാലിന് 186 രൂപയും.
ഡീലര്‍മാര്‍ നല്കുന്ന പരമാവധി വില 185 രൂപ. ഓണം അടുക്കുകയും മഴ മാറുകയും ചെയ്തതോടെ ടാപ്പിംഗ് സജീവമായപ്പോള്‍ വ്യവസായികള്‍ ചരക്ക് വാങ്ങാതെ വില ഇടിക്കാനുള്ള നീക്കത്തിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇക്കൊല്ലം ജൂലൈയില്‍ മാത്രമാണ് ശരാശരി മാസവില 207 രൂപയിലെത്തിയത്. ജനുവരി -199, ഫെബ്രുവരി- 197, ജൂണ്‍- 198 എന്നിങ്ങനെയാണ് ശരാശരി വില.
വിലയിലെ അസ്ഥിരതയും വിപണിയിലെ മാന്ദ്യവും അനിയന്ത്രിത ഇറക്കുമതിയുമാണു കര്‍ഷകരെ റബറില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ റബര്‍കൃഷി വിസ്തൃതി ഇരട്ടിയായിട്ടും ആകെ ഉത്പാദനത്തില്‍ കാര്യമായ വര്‍ധനവില്ല. അതായത് 205-06ല്‍ റബര്‍ വിസ്തൃതി 5,97,610 ഹെക്ടര്‍. അന്നത്തെ വാര്‍ഷിക ഉത്പാദനം 8,02,625 ടണ്‍. 2024-25ലെ വിസ്തൃതി 9,41,200 ഹെക്ടര്‍.
ഉത്പാദനം 8,75,000 ടണ്‍. വിസ്തൃതി ഇരട്ടിയോളം ഉയര്‍ന്നപ്പോള്‍ ഉത്പാദനം 15 ലക്ഷം ടണ്ണിലേക്ക് അടുക്കേണ്ടതായിരുന്നു. റബര്‍ കൃഷിയില്‍ നേട്ടമില്ലാതെ വന്നതിനാല്‍ അഞ്ചു ലക്ഷം ടണ്ണിന്റെ ഉത്പാദനം കര്‍ഷകര്‍ വേണ്ടെന്നു വച്ചു.
വലിയൊരു ഭാഗം ടാപ്പിംഗ് നിറുത്തിവയ്ക്കുകയോ ഏതാനും മാസങ്ങളായി പരിമിതപ്പെടുത്തുകയോ ലാറ്റക്സായി വില്ക്കുകയോ ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനം, ആര്‍ആര്‍ഐഐ 400 സീരീസ് ക്ലോണുളുടെ ഉത്പാദനക്കുറവ്, ഏഴു മാസം നീളുന്ന മഴ, രണ്ടു മാസത്തെ കഠിന വരള്‍ച്ച തുടങ്ങി വേറെയും കാരണങ്ങള്‍.
നിലവില്‍ 8.75 ലക്ഷം ടണ്ണിലേക്ക് ഉത്പാദനം കൂടിയതില്‍ ചെറുതല്ലാത്ത ഘടകം ത്രിപുര ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഊര്‍ജിത റബര്‍ വ്യാപനമാണ്. 15 ലക്ഷം ടണ്‍ റബറാണ് അടുത്ത വര്‍ഷം രാജ്യത്ത് വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടിവരിക. വിലയിടിവ് ഇത്തരത്തില്‍ തുടര്‍ന്നാല്‍ കുറഞ്ഞത് ഏഴു ലക്ഷം ടണ്‍ ഇറക്കുമതി വേണ്ടിവരും.
ശരാശരി ഉത്പാദനത്തില്‍ വന്‍ ഇടിവ്
ആര്‍ആര്‍ഐഐ 105 ക്ലോണ്‍ വ്യാപകമായിരുന്ന 2005 മുതല്‍ 2012 വരെ ഒരു ഹെക്്ടറിലെ ശരാശരി വാര്‍ഷിക ഉത്പാദനം 1800 കിലോയായിരുന്നു. ആര്‍ആര്‍ഐഐ 400 സീരിസ് പ്രചാരം നേടിയ 2013നുശേഷം ഉത്പാദനം കുറഞ്ഞു. 1400 കിലോയിലേക്ക് വരെ വാര്‍ഷിക ഉത്പാദനം താഴ്ന്നു.
2024-25ലെ ഒരു ഹെക്്ടര്‍ ഉത്പാദനം 1500 കിലോ. ഒന്നര പതിറ്റാണ്ടിനുള്ളില്‍ റബര്‍ ഉപയോഗം ഇരട്ടിയായതായി. 2005-06ല്‍ വ്യവസായ ഉപയോഗം 8.02 ലക്ഷം ടണ്‍.
കഴിഞ്ഞ വര്‍ഷം 14.10 ലക്ഷം ടണ്‍. ഇതേ കാലത്ത് ഇറക്കുമതിയിലുണ്ടായ കുതിപ്പാണ് ശ്രദ്ധേയം. 2005-06ലെ ഇറക്കുമതി 45,285 ടണ്‍ മാത്രം. കഴിഞ്ഞ വര്‍ഷം 5,50,918 ടണ്‍. ഇതേകാലത്ത് കയറ്റുമതി 73,830 ടണ്ണില്‍ നിന്നു 4819 ടണ്ണിലേക്ക് ചുരുങ്ങി.