അച്ചൻകോവിലാറ്റിൽ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു, സഹപാഠിയെ കാണാതായി
Wednesday, August 27, 2025 1:27 AM IST
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു, സഹപാഠിയെ കാണാതായി. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പത്തനംതിട്ട ചിറ്റൂർ തടത്തിൽ അജീബ്– സലീന ദമ്പതികളുടെ മകൻ അജ്സൽ അജീബ് (14) ആണ് മരിച്ചത്. പത്തനംതിട്ട വഞ്ചികപ്പൊയ്ക ഓലിക്കൽ നിസാമിന്റെ മകൻ നെബീൽ നിസാമിനെ (14) കാണാതായി.
ചൊവ്വാഴ്ച ഉച്ചയോടെ ഓണപ്പരീക്ഷ കഴിഞ്ഞ് സഹപാഠികളായ എട്ട് വിദ്യാർഥികളാണ് കല്ലറക്കടവിൽ എത്തിയത്. കുട്ടികൾ ആറ്റിലിറങ്ങി മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും മറ്റും ചെയ്തു. ഇതിനിടെ അജ്സലും നെബീലും ആറിനു കുറുകെയുള്ള തടയണയിലൂടെ നടക്കുന്നതിനിടെയാണ് ഇരുവരും ആറ്റിലെ കുത്തൊഴുക്കിലേക്ക് വീണത്.
അജ്സലും നെബീലും മുങ്ങിത്താഴുന്നതുകണ്ട് കൂട്ടത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികൾ ഭയന്നോടി. കടമ്മനിട്ട സ്വദേശിയായ മറ്റൊരു കുട്ടി ബഹളം വച്ച് ആളുകളെ കൂട്ടാൻ ശ്രമിച്ചു. അപ്പോഴേക്കും അജ്സലും നെബീലും മുങ്ങിത്താഴ്ന്നിരുന്നു.
പത്തനംതിട്ടയിൽനിന്നും ചെങ്ങന്നൂരിൽനിന്നും എത്തിയ അഗ്നിരക്ഷ സേനയുടെ സ്കൂബ ടീം അംഗങ്ങളാണ് തെരച്ചിൽ നടത്തിയത്. സംഭവ സ്ഥലത്തുനിന്നു 300 മീറ്റർ മാറി ഉച്ചകഴിഞ്ഞ് 3.45ന് അജിസലിന്റെ മൃതദേഹം കണ്ടെത്തി. രാത്രിയായതോടെ നെബീലിനായുള്ള തെരച്ചിൽ നിർത്തി.
അജ്സൽ ഏക മകനാണ്്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് നടക്കും.