പാലിയേക്കര ടോള്‍പിരിവ് മരവിപ്പിച്ച ഉത്തരവ് നീട്ടി
Wednesday, August 27, 2025 2:22 AM IST
കൊച്ചി: മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് തുടരുന്ന മേഖലയില്‍ ദേശീയപാതാ അഥോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി പരിശോധനകള്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവ്.
പാലിയേക്കര ടോള്‍പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ ഒമ്പതു വരെ ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നീട്ടി.
ഗതാഗതക്കുരുക്ക് നിലവില്‍ ഇല്ലെന്നു ദേശീയപാതാ അഥോറിറ്റി അറിയിച്ചെങ്കിലും സ്ഥിതിഗതികള്‍ പഴയപടിതന്നെയാണെന്നു വ്യക്തമാക്കി സ്ഥലപരിശോധന നടത്തിയ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണു പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചത്.
റോഡ് ജോലികള്‍ക്കായി മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണു കമ്മിറ്റി റിപ്പോര്‍ട്ടില്‍ അറിയിച്ചത്. സ്ഥിര സ്വഭാവത്തിലുള്ള സംവിധാനമാണു വേണ്ടതെന്നും സര്‍വീസ് റോഡ് രണ്ടുവരി പാതയാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.