പൂരപ്പറന്പിൽ ഭീമൻ പൂക്കളം വിരിഞ്ഞു
Wednesday, August 27, 2025 1:27 AM IST
തൃശൂർ: പതിവുതെറ്റാതെ ചിങ്ങമാസത്തിലെ അത്തം നാളിൽ പൂരപ്പറന്പിൽ ഭീമൻ പൂക്കളം വിരിഞ്ഞു. പൂരക്കാഴ്ചകൾ നിറയുന്ന തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിലാണ് അത്തപ്പുലരിയിൽ പടുകൂറ്റൻ പൂക്കളം ഒരുക്കിയത്.
തെക്കേഗോപുരനടയിൽ സായാഹ്നങ്ങളിൽ ഒത്തുകൂടുന്നവരുടെ കൂട്ടായ്മയാണു ഭീമൻ പൂക്കളമൊരുക്കി വീണ്ടും വിസ്മയം തീർത്തത്. പതിനേഴുവർഷമായി തുടരുന്ന ഈ അത്തക്കളം ഇത്തവണയും കണ്ണിനു കുളിർകാഴ്ചയായി. അറുപതടി വ്യാസത്തിലാണ് പൂക്കളം ഒരുക്കിയതെന്നു സായാഹ്നസൗഹൃദ കൂട്ടായ്മ ജനറൽ കണ്‍വീനർ അഡ്വ. ഷോബി ടി. വർഗീസ് പറഞ്ഞു.
1500 കിലോയിലധികം പൂക്കൾ ആവശ്യമായി വന്നു. പുലർച്ചെ വടക്കുന്നാഥനിലെ നിയമവെടിക്കുശേഷം ഭീമൻപൂക്കളത്തിന്റെ പണികൾ ആരംഭിച്ചു. മഴയൊഴിഞ്ഞുനിന്നതിനാൽ പണികൾ വേഗത്തിൽ പൂർത്തിയായി.
വൈകീട്ട് ആറിനു ഭീമൻപൂക്കളത്തിനു ചുറ്റും ദീപങ്ങൾ തെളിച്ച് ദീപച്ചാർത്ത് നടത്തിയതു കാണാനും തിരക്കേറെയായിരുന്നു. മുൻ മേയർ അജിത വിജയൻ, അഭിഭാഷകകൂട്ടായ്മ കണ്‍വീനർ ദീപ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ വനിതകൾ അണിനിരന്ന കൈകൊട്ടിക്കളിയും അവതരിപ്പിച്ചു.