ഗൃഹനാഥനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
Wednesday, August 27, 2025 1:27 AM IST
ബൈസൺവാലി: ബൈസൺവാലിയിൽ യുവാവ് ഗൃഹനാഥനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി.ചൊക്രമുടികുടി പാറക്കടയ്ക്കു സമീപം താമസിക്കുന്ന ഓലിക്കൽ സുധൻ (68)ആണ് മരിച്ചത്.
സംഭവത്തിൽ ഇയാളുടെ അയൽവാസിയായ കുളങ്ങരയിൽ അജിത്തി (35)നെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 9.30നാണ് അജിത്തിന്റെ വീടിനു സമീപത്തെ റോഡിൽ സുധനെ വെട്ടേറ്റ നിലയിൽ നാട്ടുകാരിൽ ചിലർ കണ്ടത്. ഇവർ രാജാക്കാട് പോലീസിൽ വിവരം അറിയിച്ചു.
പോലീസിന്റെ നിർദേശപ്രകാരം നാട്ടുകാർ സുധനെ വാഹനത്തിൽ കുഞ്ചിത്തണ്ണിയിൽ എത്തിച്ച ശേഷം ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും മരിച്ചു.
കഴിഞ്ഞ ദിവസം അജിത്തും സുധനും തമ്മിൽ പാറക്കടയിൽ വച്ച് വാക്കുതർക്കമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ അജിത്ത് സുധനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഇതു ചോദിക്കാൻ അജിത്തിന്റെ വീട്ടിലേക്കുപോയ സുധനെ റോഡിൽ വച്ച് അജിത്ത് ആക്രമിച്ചെന്നാണ് പോലീസ് പറയുന്നത്.
സുധനു കോടാലികൊണ്ട് കഴുത്തിലും കൈകളിലും പലതവണ വെട്ടേറ്റു. ഒളിവിൽ പോകാൻ ശ്രമിച്ച അജിത്തിനെ വീടിനു സമീപത്തെ കൃഷിയിടത്തിൽനിന്നാണ് പോലീസ് പിടികൂടിയത്.
ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ സുധന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. പുഷ്പയാണ് സുധന്റെ ഭാര്യ. മകൻ: സുജീഷ്. മരുമകൾ: ചിഞ്ചു.