കോട്ടയം നഗരസഭാ സാമ്പത്തിക തട്ടിപ്പ്: ഒളിവിലായിരുന്ന ക്ലര്‍ക്ക് പിടിയില്‍
Thursday, August 28, 2025 3:05 AM IST
കോട്ടയം: കോട്ടയം നഗരസഭയില്‍ മൂന്നു കോടിയിലേറെ രൂപ പെന്ഷന് തട്ടിപ്പ് നടത്തിയ കേസില്‍ ഒരു വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞിരുന്ന ക്ലര്‍ക്കിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കൊല്ലം മങ്ങാട് ആന്‍സി ഭവനില്‍ അഖില്‍ സി. വര്‍ഗീസി(30)നെയാണ് കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. അഖില്‍ കീഴടങ്ങാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു മാസങ്ങള്‍ കഴിഞ്ഞും കാണാമറയത്തായിരുന്നു.
കൊല്ലത്തെ ലോഡ്ജില്‍ ഒളിച്ചു താമസിക്കുന്നതിനിടെ യാണ് ഇന്നലെ രാവിലെ 9.30ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ അഖിലിനെ റിമാന്‍ഡ് ചെയ് തു. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് പറഞ്ഞു.
2020 ഒക്ടോബര്‍ മുതല്‍ 2024 ഓഗസ്റ്റ് വരെ 2.40 കോടി രൂപയാണ് അഖില്‍ തട്ടിയെടുത്തത്. കോട്ടയം നഗരസഭയില്‍നിന്ന് പെന്ഷന് നല്‍കിയിരുന്ന മരിച്ചുപോയ മുന്‍ ജീവനക്കാരിയുടെ അക്കൗണ്ട് നമ്പര്‍ തിരുത്തി ഇതേ പേരുള്ള സ്വന്തം മാതാവ് അമ്മ പി. ശ്യാമളയുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ത്താണു പണം തട്ടിയത്.
കോട്ടയത്തു ജോലിചെയ്യുമ്പോഴും വൈക്കത്തേക്ക് സ്ഥലംമാറ്റം കിട്ടിപ്പോയശേഷവും ഇയാള്‍ തട്ടിപ്പ് തുടര്‍ന്നു. ഒളിവില്‍പോകുന്നതിനു തലേന്ന് ഏഴുലക്ഷത്തിലേറെ രൂപ ബാങ്കില്‍നിന്നു പിന്‍വലിച്ചതിന്റെ തെളിവും ലഭിച്ചിരുന്നു.