എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു
Thursday, August 28, 2025 4:38 AM IST
തിരുവനന്തപുരം: സർവീസിൽനിന്നു വിരമിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ എഡിജിപിയും സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ മഹിപാൽ യാദവ് (60)അന്തരിച്ചു.ബ്രെയിൻ ട്യൂമർ ബാധിച്ചു ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
30നാണ് മഹിപാൽ യാദവ് സർവീസിൽനിന്നു വിരമിക്കേണ്ടത്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു സംസ്ഥാനത്തു മടങ്ങിയെത്തിയ മഹിപാൽ യാദവ് 2023 ജൂണ്‍ ഒൻപതു മുതൽ സംസ്ഥാന എക്സൈസ് കമ്മീഷണറായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരു മാസം മുൻപാണ് അവധിയെടുത്തു ചികിത്സയ്ക്കായി സ്വദേശമായ രാജസ്ഥാനിലേക്കു പോയത്.
കേരള കേഡറിലെ 1997 ബാച്ച് ഐപിഎസ് ഓഫീസറാണ്. കായംകുളം എഎസ്പിയായി ആദ്യ നിയമനം. തുടർന്ന് നെയ്യാറ്റിൻകര ജോയിന്റ് എസ്പിയായി. വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ എസ്പിയായിരുന്നു.