"ഉപദേശമൊന്നും വേണ്ട...'; മുഖ്യമന്ത്രിയോട് കെ. മുരളീധരൻ
Thursday, August 28, 2025 4:36 AM IST
തൃശൂർ: യൂത്ത് കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കോണ്ഗ്രസ് നടപടിയെടുത്തെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ടെന്നും കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ.
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച മുഖ്യമന്ത്രി എന്തിനാണു നടൻ മുകേഷിനെ രണ്ടുവട്ടം എൽഡിഎഫ് സ്ഥാനാർഥിയാക്കിയതെന്നു പറയണം. ഒരു സ്ത്രീയോടു മോശമായി സംസാരിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയ വ്യക്തിയെ എന്തിന് രണ്ടാമതു മന്ത്രിസഭയിലേക്ക് എടുത്തെന്നും വ്യക്തമാക്കണം. അദ്ദേഹത്തിന്റെ സെക്രട്ടറിയെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ പറയുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പാർട്ടിനിലപാട് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ അന്വേഷിക്കേണ്ടതു പോലീസാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ രാഹുൽ അപകീർത്തിക്കേസ് ഫയൽ ചെയ്യണം.
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, കേരളരാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്കു പോകരുതെന്നായിരുന്നു മുരളീധരന്റെ മറുപടി.