കൃഷ്ണകുമാറിനെതിരേ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്ന്
സന്ദീപ് വാര്യർ
Thursday, August 28, 2025 1:16 AM IST
കാസർഗോഡ്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ കേരള ബ്രിജ്ഭൂഷനാണെന്നു കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ.
അതിജീവിത പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ ഇയാൾക്കെതിരേ പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ നേരത്തേതന്നെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്തിയതിന് കൃഷ്ണകുമാറിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പരാതിയെക്കുറിച്ച് ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനും എം.ടി. രമേശിനും അറിയാം. കഴിഞ്ഞ ഏപ്രിൽ 22നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്തിനാണു കൃഷ്ണകുമാറിന്റെ ഭാര്യ വെണ്ണക്കരയിലെ ഒരു വീട്ടിലെത്തിയതെന്നു വ്യക്തമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.