വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ 45 ദിവസത്തെ തീവ്രയജ്ഞവുമായി വനം വകുപ്പ്
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനു 45 ദിവസത്തെ തീവ്രയജ്ഞ പരിപാടിയുമായി വനം വകുപ്പ്. പരിപാടിക്ക് അടുത്ത മാസം ഒന്നിനു തുടക്കമാകും. വന്യജീവി ആക്രമണം ഇല്ലാതാക്കുന്നതിന് പഞ്ചായത്ത് മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
വന്യജീവി ആക്രമണ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയാറാക്കിയ കരട് നയസമീപന രേഖയിന്മേല് ചര്‍ച്ചകള്‍ നടന്നുവരികയാണ്. കൃഷി, വന്യജീവി ആക്രമണം, ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും പരിപാലനവും, നിയമങ്ങള്‍-ചട്ടങ്ങള്‍, വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്ക്, ഗോത്രവര്‍ഗ-പരമ്പരാഗത-കര്‍ഷക അറിവുകള്‍, ബോധവത്കരണ പരിപാടികള്‍-മാധ്യമ പങ്ക് തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.
കാട്ടുപന്നി ആക്രമണം ലഘൂകരിക്കുന്നതിനായി പഞ്ചായത്തുകള്‍ക്ക് കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള അധികാരം നല്‍കിയതോടെ ഇവയുടെ ആക്രമണത്തില്‍ വളരെ കുറവു വന്നിട്ടുണ്ട്.
ആധുനിക സങ്കേതകള്‍ ഉപയോഗിച്ചു മതിലുകള്‍ നിര്‍മിച്ചും വനപാലകര്‍ക്ക് ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ നല്‍കിയും വനം വകുപ്പ് കാര്യക്ഷമമായി മുന്നോട്ടുപോകുകയാണ്. നാലു മാസമായി വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.
2016 മുതല്‍ 2025 വരെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 900-ല്‍ അധികം മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ 546 മരണങ്ങള് പാമ്പുകടിയേറ്റാണെന്നും മന്ത്രി പറഞ്ഞു.